തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അടുത്ത അധ്യയനവര്‍ഷം മുതല്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നതിന് വേണ്ട നടപടികള്‍ക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍ദേശം നല്‍കി. ‘നാക്’ സമിതി നല്‍കിയ എക്സിറ്റ് റിപ്പോര്‍ട്ടിന്റെ വിലയിരുത്തലിനായി ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ സംഘടിപ്പിച്ച യോഗത്തിലാണ് വി.സി. ഇക്കാര്യം പറഞ്ഞത്. പഠനവകുപ്പുകളാണ് ഇതിനായി മുന്‍കൈയെടുക്കേണ്ടത്. യു.ജി.സിയുടെ ‘നാക്’ അംഗീകാരവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. സര്‍വകലാശാലാ പഠനവകുപ്പുകള്‍ക്ക് വേണ്ടി ഡോ. ആര്‍.വി.എം. ദിവാകരന്‍, തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമക്ക് വേണ്ടി ഡയറക്ടര്‍ ഡോ. അഭിലാഷ് പിള്ള, ചെതലയം ഐ.ടി.എസ്.ആറിന് വേണ്ടി സി. ഹരികുമാര്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.പി. പ്രദ്യുമ്നന്‍, ഡോ. ടി. വസുമതി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, മുന്‍ ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. അബ്രഹാം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു