ഏക സിവില്‍കോഡ്; സമസ്ത സിപിഎമ്മുമായി സഹകരിക്കും, സെമിനാറില്‍ പങ്കെടുക്കും : ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഏക സിവില്‍കോഡ് വിഷയത്തില്‍ സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറില്‍ പങ്കെടുക്കുമെന്നും സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കേരളത്തില്‍ ഈ വിഷയത്തില്‍ ആര് നല്ല പ്രവര്‍ത്തനം നടത്തിയാലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും സിവില്‍ കോഡ് വിഷയത്തില്‍ കോഴിക്കോട്ടു നടത്തിയ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചിട്ടുണ്ട്. മുസലിം ലീഗുമായും കോണ്‍ഗ്രസുമായും സഹകരിച്ചിട്ടുണ്ട്. ഇനിയും സഹകരിക്കും. ഏക സിവില്‍ കോഡ് വിഷയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പലതരം ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നുണ്ട്. അത്തരം പരിപാടികളില്‍ സഹകരിക്കാനാണു തീരുമാനമെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

ഏകസിവില്‍ കോഡില്‍ സമസ്ത പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ശേഷം എന്ത് വേണമെന്ന് തീരുമാനിക്കും. മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനില്‍ക്കുന്നത്. ഈ ലക്ഷ്യം വച്ച് പുലര്‍ത്തുന്ന ആരുമായും സഹകരിക്കുമെന്നാണ് സമസ്തയുടെ നിലപാട്. രാജ്യത്തിന്റെ നന്മകള്‍ക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ല. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. ഓരോ മതസ്ഥര്‍ക്കും അവരുടെ ആചാരപ്രകാരം ജീവിക്കാന്‍ ഭരണ ഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. മതം അനുശാസിക്കുന്ന മത നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!