അല്‍ബിര്‍റ്: വിദ്യാഭ്യാസ നവജാഗരണത്തിന് ഊര്‍ജ്ജം നല്‍കിയ സംവിധാനം ; ജിഫ്രി തങ്ങള്‍

വേങ്ങര : അല്‍ബിര്‍റ്: വിദ്യാഭ്യാസ നവജാഗരണത്തിന് ഊര്‍ജ്ജം നല്‍കിയ സംവിധാനമാണെന്ന് ജിഫ്രി തങ്ങള്‍. മൂല്യധിഷ്ഠിത സംസ്‌കാരത്തിന് പ്രാധാന്യം നല്‍കുന്ന വിദ്യാഭ്യാസം പുതു തലമുറക്ക് പകര്‍ന്നു നല്‍കുന്നതില്‍ അല്‍ബിര്‍റ് സ്ഥാപനങ്ങള്‍ മികച്ച മാതൃകയാണെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ വേങ്ങര കുറ്റാളൂര്‍ മര്‍കസുല്‍ ഉലൂം അല്‍ബിര്‍റില്‍ വെച്ച് നടന്ന അല്‍ബിര്‍റ് ദേശീയ തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനവ സമൂഹത്തിന് ഉപകാര പ്രദമാകുന്ന എല്ലാതരം അറിവുകളെയും പ്രോത്സാഹിപ്പിക്കണമെന്നും ചുരുങ്ങിയ കാലം കൊണ്ട് സമൂഹത്തിനിടയില്‍ വലിയ അംഗീകാരം നേടിയ വിദ്യാഭ്യാസ സംരംഭമാണ് അല്‍ബിര്‍റ് എന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അല്‍ബിര്‍റ് സ്‌കൂള്‍സ് കണ്‍വീനര്‍ കെ. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവും വേങ്ങര നിയോജക മണ്ഡലം എം. എല്‍. എയുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി. പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്. എസ്. എല്‍. സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ. പ്ലസ് നേടിയ അല്‍ബിര്‍റ് അധ്യാപികമാരുടെയും സേവികമാരുടെയും കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.

അല്‍ബിര്‍റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ. പി മുഹമ്മദ്, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മന്‍സൂര്‍ കോയ തങ്ങള്‍, ഇസ്മായില്‍ ഫൈസി കിടങ്ങയം, അനീസ് ജിഫ്രി തങ്ങള്‍, റൈഫ ഫാത്തിമ പ്രസംഗിച്ചു. കേരളത്തിലെയും കര്‍ണാടകയിലെയും വിവിധ ജില്ലകളിലും ജില്ലാ തല പ്രവേശനോത്സവവും ഇന്നലെ നടന്നു.

error: Content is protected !!