Sunday, July 27

അങ്കമാലിയില്‍ ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു ; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് വന്ന് കുത്തി വീഴ്ത്തി ; യുവതിയുടെ മുന്‍ സുഹൃത്തായ പ്രതി പിടിയില്‍

എറണാകുളം : ആശുപത്രിക്കുള്ളില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. അങ്കമാലി മൂക്കന്നുരില്‍ എം.എ ജി.ജെ ആശുപത്രിയില്‍ ലിജി (40) യാണ് മുന്‍ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ പരിചരിക്കുന്നതിനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയിലെത്തിയത്. യുവതിയുടെ മുന്‍ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ് ആശുപത്രിയുടെ നാലാം നിലയിലെത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കൈയ്യില്‍ കരുതിയ കത്തിയെടുത്ത് മഹേഷ് ലിജിയെ നിരവധിത്തവണ കുത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം.

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ലിജിയെ പ്രതി പിന്തുടര്‍ന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാര്‍ പ്രതിയെ തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് നേരെയും കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് മഹേഷിനെ പിടികൂടിയത്.

error: Content is protected !!