ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. . ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി & ട്രാക്കിംഗ് കമാന്‍ഡ് നെറ്റ് വര്‍ക്കിലെ മിഷന് ഓപ്പറേഷന്‍സ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ് ഭൂമിയില്‍ നിന്നുള്ള സിഗ്നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത്.
ദക്ഷിണധ്രുവത്തിലെ മാന്‍സിനസ്-സി, സിംപീലിയസ്-എന്‍ ഗര്‍ത്തങ്ങള്‍ക്കിടയില്‍ 69.36 ഡിഗ്രി തെക്കായിട്ടാണ് ഇറങ്ങിയത്. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് ലാന്‍ഡിങ് ക്രമീകരിച്ചിരിച്ചത്. ലാന്‍ഡര്‍ വിക്രം, റോവര്‍ പ്രഗ്യാന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍.
അതേസമയം ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തില്‍ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാന്‍ മിഷന് വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ നിന്ന് ഐഎസ്ആര്‍ഓയ്ക്കൊപ്പം ചേര്‍ന്ന പ്രധാനമന്ത്രി, വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശിയാണ് ആഘോഷമാക്കിയത്.