പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബത്തെ പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു

മമ്പുറം: താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ കുടുംബത്തെ മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ താമിറിന്റെ മമ്പുറത്തെ വീട്ടിലെത്തിയ കുഞ്ഞാലിക്കുട്ടി സഹോദരന്‍ ഹാരിസ് ജിഫ്രിയുമായി ഏറെ നേരം സംസാരിച്ചു. ശേഷം ഹൈക്കോടതിയില്‍ കേസ് നടത്തുന്ന അഡ്വ. മുഹമ്മദ് ഷായുമായി ഫോണില്‍ സംസാരിക്കുകയും കേസിന്റെ ഇപ്പോഴത്തെ അവസ്ഥ ചോദിച്ചറിയകും ചെയ്തു. കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിന് സമ്പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്തു.
നിയമ പോരാട്ടങ്ങള്‍ക്ക് കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നീതി ലഭിക്കും വരെ പോരാട്ടം തുടരും. തുടക്കത്തിലെ ആവേശത്തിനപ്പുറം പ്രതികള്‍ എത്ര ഉന്നതരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. ഇത് കൃത്യമായ കൊലപാതകമാണ്. താമിര്‍ തെറ്റു ചെയ്തിരീക്കാം. അതിന് ഒരാളെ അടിച്ചു കൊല്ലാന്‍ അനുവാദമില്ല. അതിന് കാരണക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും തല്‍സ്ഥാനത്ത് നിന്നും മാറ്റി അന്വേഷണം നടത്തണം. ആര് അന്വേഷിക്കുന്നു എന്നതിനപ്പുറം പ്രതികള്‍ക്ക് മാതൃകാപരമായ സിക്ഷ ലഭിക്കണം. കുറ്റവാളികളിലെ ഒരാളും രക്ഷപ്പെടാന്‍ പാടില്ല. നീതി വൈകിയാല്‍ നീതി കിട്ടാത്തതിന് തുല്യമാണ്. പൊലീസ് പറയുന്ന കാര്യങ്ങളൊന്നും വിശ്വസിനീയമല്ല. ഈ കാര്യങ്ങളെല്ലാം നിയമസഭയില്‍ ഉന്നയിച്ചതുമാണ്. ഒരു മാസത്തോളമായി സംഭവം നടന്നിട്ട്. അതിനാല്‍ തന്നെ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനും എ.ആര്‍.നഗര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ ലിയാഖത്തലി, മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ്, പൂങ്ങാടന്‍ ഇസ്മായില്‍, സി.കെ മുഹമ്മദ് ഹാജി,
എം.എ മന്‍സൂര്‍, യാസര്‍ ഒള്ളക്കന്‍, റഷീദ് കൊണ്ടാണത്ത്, എ.പി അസീസ്, മജീദ് പുകയൂര്‍, മറ്റു ആക്ഷന്‍ കമ്മറ്റി അംഗങ്ങള്‍, പ്രവര്‍ത്തകര്‍ പങ്കെടുത്തു.

error: Content is protected !!