ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2023 മാര്‍ച്ച് 4,5,6 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും അവരെ പ്രാപ്തരാക്കിയ അധ്യാപകരെയുമാണ് 78,33,692രൂപയുടെ സമ്മാനങ്ങള്‍ക്ക് അര്‍ഹരായത്.
പൊതുപരീക്ഷയില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മുഅല്ലിംകള്‍ക്കും 500രൂപ വീതമാണ് ക്യാഷ് അവാര്‍ഡ് ലഭിക്കുക. ഇതിന് വേണ്ടി മാത്രം 27,56,000രൂപ അനുവദിച്ചു.
കൂടാതെ അഞ്ചാം ക്ലാസില്‍ ഡിസ്റ്റിംഗ്ഷന്‍ നേടിയ 16,454 വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ കുരുന്നുകള്‍ മാസിക സൗജന്യമായി അയക്കുന്നതിന് 9,54,332 രൂപയും ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസിലെ 25,771 വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ സുന്നി അഫ്കാര്‍ ദ്വൈവാരിക സൗജന്യമായി അയക്കുന്നതിന് 41,23,360 രൂപയും അനുവദിച്ചിട്ടുണ്ട്.
ആകെ 78,33,692രൂപയുടെ സമ്മാനങ്ങളാണ് കഴിഞ്ഞ പൊതുപരീക്ഷയിലെ ഉന്നത വിജയികള്‍ക്ക് വേണ്ടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെലവഴിക്കുന്നത്. ക്യാഷ് അവാര്‍ഡുകള്‍ വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും അക്കൗണ്ടുകളിലേക്കും പ്രസിദ്ധീകരണങ്ങള്‍ അതത് മദ്റസകളുടെ വിലാസത്തിലുമാണ് അയക്കുന്നത്.