കുസാറ്റ് അപകടം : തിക്കിലും തിരക്കിലും പെട്ട് 4 വിദ്യാർത്ഥികൾ മരിച്ചു, 64 പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ ഉണ്ടായ അപകടത്തിൽ 4 വിദ്യാർത്ഥികൾ മരിച്ചു. 64 പേർക്ക് പരിക്ക്. കനത്ത മഴയെത്തിയതോടെയുണ്ടായ തിക്കും തിരക്കുമാണ് ഞെട്ടിക്കുന്ന അപകടത്തിന് കാരണമായത്. രണ്ട് പെണ്‍കുട്ടികള്‍ക്കും രണ്ട് ആണ്‍കുട്ടികള്‍ക്കുമാണ് ജീവൻ നഷ്ടമായതെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പത്തോളം പേരുടെ അവസ്ഥ അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബോളിവുഡ് ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേളയില്‍ അനുഭവപ്പെട്ട തിരക്കാണ് അപകട കാരണം. ഗാനമേള ആസ്വദിച്ച്‌ നൃത്തം ചെയ്ത കുട്ടികള്‍ക്കിടയില്‍ അപ്രതീക്ഷിതമായാണ് അപകടം സംഭവിച്ചത്. ഇന്നലെയാണ് പരിപാടി തുടങ്ങിയത്. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വച്ച്‌ മറച്ച വേദിയിലേക്ക് ഒരേയൊരു പ്രവേശന മാര്‍ഗം മാത്രമാണ് ഉണ്ടായിരുന്നത്. പരിപാടി നിയന്ത്രിച്ചവരാണോ, പങ്കെടുക്കാനെത്തിയവരാണോ മരിച്ചതെന്ന് വ്യക്തമല്ല.

2000 ത്തിലേറെ കുട്ടികള്‍ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.രണ്ടായിരത്തിലേറെ പേര്‍ പങ്കെടുത്ത പരിപാടിയുടെ മുഖ്യ ആകര്‍ഷണം ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയായിരുന്നു. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. ഈ സ്ഥലത്ത് സ്റ്റെപ്പുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ പരിപാടി ആസ്വദിച്ചിരുന്നത്. എന്നാല്‍ മഴപെയ്തതോടെ ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവര്‍ പാസ് വെച്ച്‌ നടന്ന പരിപാടിയിലേക്ക് ഇരച്ചുകയറി. ഈ സമയത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ പിന്നിലെ സ്റ്റെപ്പുകളില്‍ നിന്നവര്‍ മുന്നോട്ട് വീണു. ഭയന്ന് വിദ്യാര്‍ത്ഥികള്‍ പുറത്തേക്ക് ഓടിയതോടെ വീണവരില്‍ പലര്‍ക്കും ചവിട്ടേറ്റു. ഇങ്ങനെയാണ് എല്ലാവര്‍ക്കും പരിക്കേറ്റതെന്ന് കരുതുന്നു.

അതിനിടെ നവകേരള സദസില്‍ നിന്നും മന്ത്രിമാരായ പി രാജീവ് അടക്കമുള്ളവര്‍ കുസാറ്റിലേക്ക് തിരിച്ചിട്ടുണ്ട്.അപകട സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. വിദ്യാര്‍ത്ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!