തിരൂർ : ജില്ലാ ആശുപത്രിയിലെ കെട്ടിടത്തിൽ നിന്ന് വീണ ഹെഡ് നഴ്സ് മരിച്ചു. തൃശ്ശൂർ ചാലക്കുടി ചെട്ടിക്കുളം സ്വദേശി തറയിൽ ടി.ജെ. മിനി മോൾ (48) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മിനി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയാണ് സംഭവം. ജില്ലാ ആശുപത്രിയിൽ ഓങ്കോളജി ബ്ലോക്കിനായി പുതുതായി നിർമിക്കുന്ന കെട്ടടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഇവർ താഴേക്ക് വീണത്.
ക്യാൻസർ വാർഡ് പുതിയ വാർഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സൂപ്രണ്ട് യോഗം വിളിച്ചിരുന്നു. ഈ യോഗത്തിന് ശേഷം നഴ്‌സിംഗ് സുപ്രണ്ടിനും സ്റ്റാഫ് നഴ്സിനും ഒപ്പം പുതിയ കെട്ടിടത്തിലെ സ്ഥിതി പരിശോധിക്കാനായി പോയതായിരുന്നു. ഗ്രൗണ്ട് ഫ്ലോറിലെ പരിശോധനക്കിടെ അവസാനം കണ്ട വാതിൽ തുറന്നു കാലെടുത്തു വയ്ക്കുകയായിരുന്നു. ഈ വാതിലിനപ്പുറം അണ്ടർ ഗ്രൗണ്ടായിരുന്നു. ഇവിടേക്കാണ് മിനിമോൾ വീണത്. കാൻസർ ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിയും റേഡിയേഷനും നടത്തുന്നതിനാണ് കെട്ടിടത്തിൽ അണ്ടർ ഗ്രൗണ്ട് ഉണ്ടാക്കിയത്. മിനി മോൾ വീണ ഭാഗം യന്ത്രങ്ങൾ സ്ഥാപിക്കാൻ ഒഴിച്ചിട്ടതായിരുന്നു. ഇവിടെ നിലമുണ്ടെന്നു കരുതിയാണ് മിനിമോൾ വാതിൽ തുറന്നു കാലെടുത്തു വെച്ചത്.
അപകടത്തിൽ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് പ്രഥമിക ചികിത്സക്കുശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തൃശ്ശൂർ ചാലക്കുടി സ്വദേശിനിയായ മിനിമോൾ മൂന്ന് വർഷം മുമ്പാണ് തിരൂർ ജില്ലാ ആശുപത്രിയിൽ ഹെഡ്‌നഴ്‌സായി ജോലിയിൽ പ്രവേശിച്ചത്.