മലപ്പുറം: താനൂര്‍ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ നാലു പൊലീസുകാരെ അറസ്റ്റ് ചെയ്ത് സിബിഐ. ഒന്നാം പ്രതി താനൂര്‍ സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി കല്‍പകഞ്ചേരി സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളെ സിബിഐ സംഘം വീട്ടിലെത്തി പിടികൂടിയത്.
2023 ഓഗസ്റ്റ് ഒന്നിനാണു ലഹരി വസ്തുക്കളുമായി അറസ്റ്റിലായ തിരൂരങ്ങാടി സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരൊണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോക്കപ്പില്‍ വെച്ച് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പുലര്‍ച്ചെ കൂടെ ഉള്ളവര്‍ അറിയിച്ചെന്നും നാലരയോടെ സ്വകാര്യ ആശുപത്രിയില്‍ എത്തുമ്പോഴേക്കും താമിര്‍ ജിഫ്രി മരിച്ചെന്നുമാണ് പൊലീസ് വിശദീകരിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമുള്ള ആരോപണം ശക്തമായിരുന്നു.
താനൂര്‍ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബത്തിന്റെ ആരോപണം ഉയര്‍ന്നതോടെ കമ്മീഷന്‍ ഇടപെട്ടിരുന്നു. കസ്റ്റഡി മരണം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ചിരുന്നു. പ്രതികളായ നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്. കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണിപ്പോള്‍ പ്രതി പട്ടികയിലുണ്ടായിരുന്ന നാലുപേരെയും അറസ്റ്റ് ചെയ്തത്.