പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെ സ്‌കൂട്ടറില്‍ നിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചശേഷം പുറത്തിറങ്ങിയ ആളാണ് ആക്രമിച്ചത്. പൊലീസ് പിടിയിലായ പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്തു.
സഹോദരിയെ റെയില്‍വേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്ന ഇയാളുടെ ആക്രമണം. തടഞ്ഞു നിര്‍ത്തി സ്‌കൂട്ടറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോള്‍ കൈ പിടിച്ചു തിരിച്ചു. താക്കോല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടര്‍ന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും 25കാരിയായ യുവതി പറഞ്ഞു. വേങ്ങല്‍ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിലെ പ്രതി ജോജോയെ പൊലീസ് വൈദ്യപരിശോധനക്കായി ഹാജരാക്കിയിരുന്നു. ആശുപത്രിയിലെത്തിയ യുവതിയുടെ ബന്ധുക്കള്‍ ജോജോയെ പൊലീസിന്റെ വാഹനത്തിനുള്ളില്‍ വെച്ച് കൈയേറ്റം ചെയ്യുകയും ചെയ്തിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ തിരികെ സ്റ്റേഷനിലെത്തിച്ചത്. ജോജോക്കെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.