18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ 20 കോടിയോളം രൂപയുമായി അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങി ; ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി, പണം തട്ടിയത് 5 വര്‍ഷം കൊണ്ട്

Copy LinkWhatsAppFacebookTelegramMessengerShare

തൃശൂര്‍ : 18 വര്‍ഷമായി ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 20 കോടിയോളം രൂപ തട്ടിയെടുത്ത് അസിസ്റ്റന്റ് ജനറല്‍ മാനേജറായ യുവതി മുങ്ങിയതായി പരാതി. 19.94 കോടി രൂപയുമായാണ് വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്ന കൊല്ലം സ്വദേശിനി ധന്യ മോഹന്‍ മുങ്ങിയെന്നാണ് പരാതി. യുവതിയെ കണ്ടെത്താന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി. ധന്യ മോഹന്‍ 20 കോടി തട്ടിയത് അഞ്ചു വര്‍ഷം കൊണ്ടാണെന്ന് തൃശൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ പറഞ്ഞു.

തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല. ഡിജിറ്റല്‍ ഇടപാടിലൂടെയാണ് ധന്യ 20 കോടി തട്ടിയെടുത്തെന്ന് എസ് പി പറഞ്ഞു. കൊല്ലം സ്വദേശിനിയായ ധന്യ മോഹന്‍ വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് പൊലീസ്. ധന്യ താമസിച്ചിരുന്ന തൃശൂരിലെ വീടും കൊല്ലത്തെ വീടും പൂട്ടിയിട്ട നിലയിലാണ്. ധന്യയും ബന്ധുക്കളും ഒളിവിലാണ്. ജൂലൈ 23ന് സ്ഥാപനം ധന്യയ്‌ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് കാണാതായത്. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറി പൊലീസ് പരിശോധന നടത്തി.

2020 മെയ് മുതല്‍ സ്ഥാപനത്തില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ് ഓഫീസില്‍ നിന്നും മുങ്ങിയെന്നും പരാതിയില്‍ പറയുന്നു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!