വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ; വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാൻ തീരുമാനം

ദില്ലി : വഖഫ് ബോർഡിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി വഖഫ് നിയമം ഭേദഗതി ചെയ്യും. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും. ഒരു ഭൂമിയെ വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള ബോർഡിന്റെ അധികാരങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടാകും നിയമ ഭേദഗതി.

ഭേദഗതി പ്രകാരം വഖഫ് ബോർഡുകൾ അവകാശമുന്നയിക്കുന്ന സ്വത്തുക്കളുടെ മേൽ പരിശോധന നിർബന്ധിതമാക്കും. വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. രാജ്യത്തുടനീളം 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളത്. നിലവിൽ വഖഫ് ബോർഡിന് തങ്ങൾക്ക് ലഭിക്കുന്ന ഏത് ഭൂമിയും വഖഫ് സ്വത്തായി പ്രഖ്യാപിക്കാനുള്ള അധികാരമുണ്ട്.

വഖഫ് ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനുള്ള നിർദേശവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിലെ നിയമത്തിലുള്ള ചില വ്യവസ്ഥകൾ റദ്ദാക്കാനും പുതിയ ഭേദഗതി നിർദേശിക്കുന്നു. വഖഫ് സ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്നത് തടയാനായി സ്വത്തുക്കൾക്ക് മേൽനോട്ടം വഹിക്കാൻ ജില്ലാ മജിസ്ട്രേറ്റിനേയും ചുമതലപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.

വഖഫ് കൗണ്‍സിലുകളിലും, സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനി മുതല്‍ വനിത പ്രാതിനിധ്യവും ഉറപ്പ് വരുത്തും. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോര്ഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുകയാണ് സര്‍ക്കാര് ലക്ഷ്യം

error: Content is protected !!