താനൂർ: മുന്‍മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 77 വയസ്സായിരുന്നു. ജനാസ കബറക്കം ഇന്ന് ഞായർ (11/08/24)
രാത്രി 8:30 ന് താനൂരിലെ വടക്കെ പള്ളിയിൽ
2004 ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശവകുപ്പ് മന്ത്രിയായിരുന്നു. 1992 ഉപതെരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996 ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എംഎല്‍എ ആയത്.
1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി ജനിച്ചു. വായനയും എഴുത്തും ജീവിത സപര്യയാക്കിയ അദ്ദേഹം മുസ്‌ലിംലീഗിന്റെ ധൈഷണിക മുഖമായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തിരൂരങ്ങാടിയിൽ നിന്ന് വിജയിച്ച് തദ്ദേശ വകുപ്പ് മന്ത്രിയും ആയിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പരിക്കേറ്റിരുന്നു. പി.സീതിഹാജിയുടെ മരണത്തെ തുടർന്ന് താനൂരിൽ ഉപതിരഞ്ഞെടുപ്പിൽ ആണ് ആദ്യം എം എൽ എ ആകുന്നത്. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു.
രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. മുസ്‌ലിംലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതനുള്ള അംഗീകാരമായി വരം പുരസ്‌കാരം ലഭിച്ചു. മന്ത്രിയായിരിക്കെ കൊല്ലത്ത് വെച്ച് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.
ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് പ്രസിഡന്റാണ്. തിരൂർ എസ്.എസ്.എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു. ഭാര്യ ജഹനാര. മക്കൾ: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്. മരുമക്കൾ: ഷിബു കെ.പി, റജി, മലീഹ.