വൃദ്ധ ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് മാല കവർന്ന തിരൂരങ്ങാടി സ്വദേശി പിടിയിൽ

Copy LinkWhatsAppFacebookTelegramMessengerShare

കോഴിക്കോട്: മാത്തറയില്‍ വൃദ്ധ ദമ്പതികളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച്‌ സ്വർണ്ണമാല കവർന്ന കേസിലെ പ്രതി പിടിയില്‍.
തിരൂരങ്ങാടി ചന്തപ്പടി സ്വദേശി ഹസീമുദ്ദിനാണ് (30) പിടിയിലായത്. ആഗസ്റ്റ് 27-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വളർത്തു നായയുമായി പ്രഭാത സവാരിക്ക് പോയ ഗൃഹനാഥനെ നിരീക്ഷിച്ച ശേഷം ഇയാളുടെ ഭാര്യ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തിയാണ് പ്രതി മോഷണം നടത്തിയത്.

കത്തിവീശി കഴുത്തിലെ സ്വർണമാല കവർന്നശേഷം കൈയിലെ വള ഊരി നല്‍കാൻ ആവശ്യപ്പെടുകയും മോഷണം ചെറുക്കാൻ ശ്രമിച്ച വീട്ടമ്മയുടെ കയ്യില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വള ഊരിയെടുക്കുന്നതിനിടെ, ഗൃഹനാഥൻ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹത്തേയും പ്രതി ആക്രമിച്ചു.
തിരിച്ചറിയാതിരിക്കാൻ ഹെല്‍മറ്റും റെയിൻ കോട്ടും ധരിച്ചാണ് ഹസീമുദ്ദീൻ കുറ്റകൃത്യം നടത്തിയത്. സി.സി.ടി.വിയില്‍ കുടുങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നും മൂന്ന് ഓട്ടോകള്‍ മാറി കയറിയാണ് പ്രതി കോഴിക്കോട് നഗരത്തില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു.

സംഭവശേഷം സ്വർണം വില്‍പ്പന നടത്തി ബെംഗളൂരുവിലേക്ക് കടന്ന പ്രതി, തിരിച്ച്‌ കോഴിക്കോട്ടെത്തി നടക്കാവിലെ ആഡംബര ഫ്ലാറ്റില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാൾക്കെതിരെ എ ആർ നഗർ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസും, പണം വാങ്ങി കബളിപ്പിച്ച കേസും ഉൾപ്പെടെ ഒട്ടേറെ കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!