നന്നമ്പ്ര പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം മാലിന്യ കൂമ്പാരത്തിനിടയിൽ ഉപേക്ഷിച്ച നിലയിൽ

നന്നമ്പ്ര പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള വാഹനം മാലിന്യം കൊണ്ട് മൂടിയ നിലയിൽ. നന്നമ്പ്ര പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിച്ചിരുന്ന കെഎൽ 55 ബി 3013 രജിസ്ട്രേഷൻ നമ്പറിലുള്ള മഹീന്ദ്ര ബാെലേറോ വാഹനമാണ് കൊടിഞ്ഞി ചെറുപ്പറയിലെ മാലിന്യ കേന്ദ്രത്തിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പഞ്ചായത്ത് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി പഞ്ചായത്ത് വാടകക്ക് എടുത്ത താൽക്കാലിക ഷെഡ്ഡിൽ ടാർപോളിൻ മൂടിയ നിലയിലാണ് വാഹനം ഉണ്ടായിരുന്നത്.
പഞ്ചായത്ത് ആവശ്യങ്ങൾക്കായി പുതിയ വാഹനം വാങ്ങിയതോടെ നന്നമ്പ്ര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറുന്നു എന്ന് സർക്കാറിൽ റിപ്പോർട്ട് നൽകിയതിനുശേഷം കൊടിഞ്ഞിയിലെ കുടുംബാരോഗ്യകേന്ദ്രത്തിന് മുമ്പിൽ നിർത്തിയിരിക്കുകയായിരുന്നു. എന്നാൽ കാലപ്പഴക്കം വന്ന വാഹനം ഏറ്റെടുക്കാൻ ആരോഗ്യ വകുപ്പ് തയ്യാറായില്ല. ഉപയോഗിക്കാതെ വാഹനം നശിക്കുന്നത് വിവാദമായതിനെ തുടർന്നാണ് ഇവിടെ നിന്നും മാലിന്യം സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയത്.
2023 ജനുവരി 29 വരെ രജിസ്ട്രേഷൻ കാലാവധിയും, 2022 മെയ് 24 വരെ ഇൻഷൂറൻസ് കാലാവധിയും, 2022 ഡിസംബർ 31 വരെ നികുതി കാലാവധിയുള്ളത് ആണ് വാഹനം.

വാട്‌സ്ആപ്പിൽ വാർത്തകൾ കിട്ടാൻ… https://chat.whatsapp.com/FHe4puzUz5l4aryANMURgz


പുതിയ വാഹനം വാങ്ങിയ സാഹചര്യത്തിൽ പഴയ വാഹനം പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സൂക്ഷിക്കുമെന്നായിരുന്നു ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് അറിയിച്ചതെന്ന് പഞ്ചായത്ത് സിപിഎം അംഗം പി പി ഷാഹുൽഹമീദ് പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള നന്നമ്പ്ര പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥത യാണ് ഉപയോഗപ്രദമായ വാഹനം മാലിന്യത്തിൽ തള്ളിയതെന്നും, വാഹനം പൊളിച്ചു മാറ്റി വിൽപ്പന നടത്താനുള്ള ശ്രമമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

blob:http://tirurangaditoday.in/a1d27b3d-54b7-42ba-94a7-a34e52a270c4

അതേ സമയം, വാഹനം ലേലം ചെയ്യാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ് എന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. അത് വരെ പഞ്ചായത്ത് വാടകക്ക് എടുത്ത കേന്ദ്രത്തിൽ സൂക്ഷിച്ചതായിരുന്നു. എന്നാൽ മാലിന്യങ്ങൾ ഇട്ടത് സംബന്ധിച്ച് സംശയമുണ്ട്. കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നുള്ള മാലിന്യങ്ങൾ കയറ്റി അയച്ചത്. 2 ദിവസം കൊണ്ട് ഇത്രയേറെ മാലിന്യങ്ങൾ എങ്ങനെ എത്തി എന്നത് അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.

error: Content is protected !!