നാദാപുരം ഷിബിന്‍ വധക്കേസ് : വിചാരണക്കോടതി വെറുതെവിട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി

കോഴിക്കോട് : ഡിവൈഎഫ് പ്രവര്‍ത്തകനായ നാദാപുരം ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. കേസില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള എരഞ്ഞിപ്പാലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ അപ്പീല്‍. ഈ മാസം 15ന് ശിക്ഷ വിധിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ശിക്ഷ വിധിക്കുന്ന ദിവസം പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

2015 ജനുവരി 22ന് രാത്രിയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. നാദാപുരം മേഖലയില്‍ സിപിഎം – ലീഗ് തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു കൊലപാതകം. സംഭവ ദിവസം രാത്രി രാഷ്ട്രീയ വിരോധത്താല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ഷിബിനെ കൊലപ്പെടുത്തുകയായിരുന്നു. ഒന്നുമുതല്‍ 11 വരെയുള്ള പ്രതികള്‍ കൊലപാതക സംഘത്തിലുള്ളവരും 12 മുതല്‍ 17വരെ പ്രതികള്‍ കൊലയാളികളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ചവരുമാണ്. 66 സാക്ഷിമൊഴികളും 151 രേഖകളും 55 തൊണ്ടി മുതലുകളുമാണ് പൊലീസ് സമര്‍പ്പിച്ചിരുന്നത്.

error: Content is protected !!