ഒടുവിൽ സർക്കാർ വഴങ്ങി; കൊടിഞ്ഞി ഫൈസൽ വധക്കേസിൽ അഡ്വ. കുമാരൻകുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കാൻ സമ്മതം

തിരൂരങ്ങാടി : ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ.കുമാരന്‍ കുട്ടിയെ നല്‍കാമെന്ന് സമ്മതം അറിയിച്ച് സർക്കാർ.

ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ടി.പി വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഹജറായ അഡ്വ.കുമാരന്‍ കുട്ടിയെ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കാനാകില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും നിയമ പോരാട്ടിത്തിനും പിന്നാലെ തെരുവിലേക്കും സമരം വ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ ഇപ്പോൾ സമ്മതം അറിയിച്ചത്. ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായ അഡ്വ.കുമാരന്‍ കുട്ടിയെ ഫൈസല്‍ വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ലെന്ന് ഇന്നലെ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഫൈസലിന്റെ ഭാര്യ ജസ്‌ന നല്‍കിയ പരാതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനായി സര്‍ക്കാറിലേക്ക് അപേക്ഷ സമര്‍പ്പിച്ച് മാസങ്ങള്‍ കാത്തിരുന്നെങ്കില്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ജസ്‌ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി അഡ്വ.കുമാരന്‍ കുട്ടിയെ നിയമിക്കണമെന്നായിരുന്നു ജസ്‌നയുടെ അപേക്ഷ. എന്നാല്‍ ഇത് പരിഗണിക്കാതെ മാസങ്ങള്‍ക്ക് ശേഷം അഡ്വ.പി.ജി മാത്യൂവിനെ സര്‍ക്കാര്‍ നിയമിച്ചെങ്കിലും ഫൈസലിന്റെ കുടുംബ ത്തിന് താത്പര്യമില്ലാത്തതിനാൽ അടുത്ത ദിവസം തന്നെ അദ്ധേഹം രാജിവെച്ചു. കുമാരന്‍ കുട്ടിയല്ലാത്ത മറ്റു വക്കീലന്മാരെ നിയമിക്കാമെന്ന് പറഞ്ഞ് നിരവധി തവണ പൊലീസ് സ്റ്റേഷനുകളിലേക്കും ഡി വൈ എസ് പി ഓഫീസിലേക്കും ജസ്‌നയെ വിളിപ്പിച്ചെങ്കിലും അഡ്വ.കുമാരന്‍ കുട്ടിയെ തന്നെ വക്കീലായി വേണമെന്ന ആവശ്യത്തിൽ ജസ്‌ന ഉറച്ചു നിൽക്കുകയായിരുന്നു. അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കെ.പി.എ മജീദ് എംഎല്‍എ പറഞ്ഞു. ഫൈസല്‍ വിഷയം നിയമ സഭയില്‍ സബ്മിഷന് നല്‍കിയിരുന്നതായും അദ്ധേഹം പറഞ്ഞു.

error: Content is protected !!