പ്രാചീന സമ്പ്രദായത്തിലുള്ള സര്‍വെ രീതികളില്‍ നിന്ന് മാറി കൂടുതല്‍ കൃത്യതയോടും ചുരുങ്ങിയ സമയത്തിനുള്ളിലും ഭൂരേഖകള്‍ തയാറാക്കുന്നതിനായി അത്യാധുനിക സര്‍വെ സംവിധാനമായ ഡ്രോണ്‍ സര്‍വെയ്ക്ക് ജില്ലയില്‍ നടപടികളായി. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഏകദിനശില്‍പ്പശാല നടത്തി. പി ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അധ്യക്ഷനായി. ജില്ലയില്‍ ഡ്രോണ്‍സര്‍വെ ജനുവരി 19ന് ആരംഭിയ്ക്കും. ഡ്രോണ്‍ സര്‍വെ ഫീല്‍ഡ് ജോലികള്‍ക്കായി തിരൂര്‍ താലൂക്കിലെ പെരുമണ്ണ, ആതവനാട്, അനന്താവൂര്‍, എന്നീ വില്ലേജുകളിലും ഏറനാട് താലൂക്കിലെ മലപ്പുറം നഗരസഭയിലെ മലപ്പുറം വില്ലേജുമാണ് ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്താകെ 200 വില്ലേജുകളിലും ജില്ലയില്‍ 18 വില്ലേജുകളിലുമാണ് അത്യാധുനിക രീതിയിലുള്ള സര്‍വെ നടത്തുന്നത്. ജനപങ്കാളിത്തവും സഹകരണവും പദ്ധതി പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതവും കൃത്യതയോടെയുമുള്ള പൂര്‍ത്തീകരത്തിന് അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വെ മാപ്പിങ് നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ റവന്യു രജിസ്‌ട്രേഷന്‍,സര്‍വെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാകും. അഞ്ചുപതിറ്റാണ്ടിലേറെയായി തുടരുന്ന റീസര്‍വെ നടപടികള്‍ക്ക് ഈ അത്യാധുനിക സര്‍വെ രീതി അവലംബിക്കുന്നതോടെ വേഗതയേറും. നാലര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ശേഷിക്കുന്ന 1550 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശില്‍പ്പശാലയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സര്‍വെ ഡയറക്ടറേറ്റിലെ ഓഫീസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍ പുഷ്പ, കാസര്‍കോഡ് സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ സലീം വിഷയം അവതരിപ്പിച്ചു. ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി. എന്‍ പുരുഷോത്തമന്‍, പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്റ് ലിബാസ് മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സര്‍വെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വപ്‌ന മേലൂക്കടവന്‍ സ്വാഗതവും മലപ്പുറം റീസര്‍വെ അസിസ്റ്റന്റ് ഡയറക്ടര്‍ വി.പി സിന്ധു നന്ദിയും പറഞ്ഞു.