തൃശൂര്‍ : തൃശൂര്‍ നാട്ടികയില്‍ ഉറങ്ങികിടന്ന നാടോടി സംഘത്തിനിടയിലേക്ക് ലോറി പാഞ്ഞുകയറി 2 കുട്ടികള്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് അതി ദാരുണമായ സംഭവമുണ്ടായത്. നാടോടികളായ 2 കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. കണ്ണൂര്‍ ആലങ്കോട് സ്വദേശി ക്ലീനറായ അലക്‌സ് (33), ഡ്രൈവര്‍ ജോസ്(54) എന്നവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന ക്ലീനര്‍ അലക്‌സ് ആണ് വാഹനമോടിച്ചത്. ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. ക്ലീനറാണ് അപകടമുണ്ടായ സമയത്ത് വണ്ടിയോടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പുലര്‍ച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകള്‍ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ മാഹിയില്‍ നിന്നാണ് മദ്യം വാങ്ങിയതെന്നും അവിടം മുതല്‍ ഇരുവരും മദ്യപിച്ചിരുന്നുവെന്നും തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. മന:പൂര്‍വമായ നരഹത്യയ്ക്കാണ് ആണ് കേസെടുത്തത്. മദ്യപിച്ച് വാഹനം ഓടിച്ചു എന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. ഡ്രൈവറും ക്ലീനറും ഇപ്പോഴും മദ്യലഹരിയിലാണെന്നും വിശദമായ ചോദ്യം ചെയ്യല്‍ നടത്തുമെന്നും ആര്‍ ഇളങ്കോ പറഞ്ഞു.
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ പിന്നാലെ എത്തിയ നാട്ടുകാര്‍ ദേശീയ പാതയില്‍ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിര്‍ത്തിയ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മുന്‍ മന്ത്രി വിഎസ് സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ള 6 പേരില്‍ 2 പേര്‍ക്ക് ഗുരുതരമാണെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. കമ്മിഷണറും കളക്ടറും റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കി. വണ്ടി ഓടിച്ചവരുടെ ഗുരുതര പിഴവാണ് അപകടത്തിനിടയാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു സര്‍ക്കാര്‍ തന്നെ മൃതദേഹം വീട്ടിലെത്തിക്കും. കളക്ടര്‍ ഇതിന് നേതൃത്വം നല്‍കും. സംസ്‌കാരത്തിന് ഉള്‍പ്പെടെ സഹായങ്ങള്‍ നല്‍കും. മരണപ്പെട്ടവര്‍ക്ക് ധനസഹായം ഉണ്ടാകും. കൂടുതല്‍ സഹായങ്ങളും പരിഗണിക്കുമെന്നും കെ രാജന്‍ പറഞ്ഞു. അപകടത്തില്‍ സമഗ്ര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കുവാനും അടിയന്തര നടപടി സ്വീകരിക്കുവാനും ഗതാഗത കമ്മീഷണര്‍ നാഗരാജുവിന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കി.