പൊന്നാനി : സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ നിര്‍വഹിക്കുന്നതെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നാനി താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് താലൂക്ക് അദാലത്തുകളിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായതാണ് അനുഭവം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഇനിയും മാറാനുണ്ടെന്നും സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നം പോലെ കണ്ട് അലംഭാവമില്ലാതെ പരിഹരിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളോട് പ്രതിബദ്ധതയുള്ള സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും തുടര്‍ച്ചയായ അദാലത്തുകളിലൂടെയും ഉദ്യോഗസ്ഥ ഇടപെടലുകളിലൂടെയും താഴേ തട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന അദാലത്തില്‍ പരാതികള്‍ കുറയുന്നതെന്നും കായിക – ന്യൂനപക്ഷ ക്ഷേമ- ഹജ്ജ് വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. രണ്ട് മന്ത്രിമാരുടെയും നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. പി. നന്ദകുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, സബ് കളക്ടര്‍ ദിലീപ് കെ കൈനിക്കര, എ ഡി എം എന്‍.എം മെഹറലി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഫീല്‍ഡ് ലെവല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.