വായ്പ കുടിശിക മുടങ്ങിയതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ; മണിക്കൂറുകള്‍ക്കകം വീട്ടമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ : വായ്പ കുടിശിക മുടങ്ങിയതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി മടങ്ങിയതിന് മണിക്കൂറുകള്‍ക്കകം വീട്ടമ്മ ആത്മഹത്യ ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് കാരുവള്ളിയില്‍ ആശ (41) യാണ് മരിച്ചത്. ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി വായ്പ കുടിശിക അടക്കാത്തത് ചോദ്യം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് ആശ ആത്മഹത്യ ചെയ്തതെന്ന് പഞ്ചായത്തംഗം രവി അലവന്തറ പറഞ്ഞു.

സഹകരണ ബാങ്കില്‍ നിന്നുമെടുത്ത 1 ലക്ഷം രൂപ പിന്നീട് രണ്ടര ലക്ഷമാക്കി പുതുക്കിയിരുന്നു. ഇതും കുടിശികയായതോടെ കഴിഞ്ഞദിവസം ബാങ്കിന്റെ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേര്‍ വീട്ടിലെത്തിയിരുന്നു. പണം അടയ്ക്കാത്തത് സംബന്ധിച്ച് ഇവര്‍ ചോദിച്ചതായി പഞ്ചായത്ത് അംഗം രവി അളപ്പന്തറ പറഞ്ഞു. ഇത് ആശയെ മാനസികമായി തളര്‍ത്തി. ബാങ്ക് ജീവനക്കാര്‍ മടങ്ങി മണിക്കുറുകള്‍ക്കുള്ളില്‍ ആശ തൂങ്ങിമരിക്കുകയായിരുന്നു.

ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ആശ. ബന്ധുക്കളുമായി ആലോചിച്ച ശേഷം മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്ന് ഭര്‍ത്താവ് സുധി പറഞ്ഞു. വിദ്യാര്‍ഥികളായ ആദിത്യന്‍, അനഘ എന്നിവരാണ് മക്കള്‍.

error: Content is protected !!