തിരുവനന്തപുരം : സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളിൽ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കോവിഡ് വ്യാപനത്തെ തുടർന്ന് കൈത്തറി–ഖാദി മേഖല പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. സർക്കാർ, അർധസർക്കാർ ജീവനക്കാർ, അധ്യാപകർ, അനധ്യാപകർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവരാണ് ഇത്തരം വസ്ത്രങ്ങൾ ധരിക്കേണ്ടത്. സർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമുള്ള കൈത്തറി–ഖാദി ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.
മുതിര്‍ന്ന സിപിഎം നേതാവ് പി.ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്. സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് കഴിഞ്ഞ വര്‍ഷം നിയമസഭയില്‍ പറഞ്ഞിരുന്നു. മേഖലയുടെ ഉന്നമനത്തിനായി എംഎല്‍എമാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് പി.രാജീവ് ആശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു നിശ്ചിത ശതമാനം ഖാദി/കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതായി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മുമ്പ് ശനിയാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും ഫലമുണ്ടായിരുന്നില്ല. ഖാദി ബോർഡിനെസംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.