സംഘർഷത്തിൽ എസ് എഫ് ഐ നേതാവിന്റെ കയ്യൊടിഞ്ഞു
ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് സംസ്ഥാനവ്യാപകമായി നടത്തിയ പഠിപ്പുമുടക്കുസമരവുമായി ബന്ധപ്പെട്ട് പൂക്കൊളത്തൂർ സി.എച്ച്.എം. ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകരും പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ. പ്രവർത്തകരും തമ്മിൽ സംഘർഷം. പ്രഥമാധ്യാപികയടക്കം ആറുപേർക്ക് പരിക്കേറ്റു.
പ്രഥമാധ്യാപിക എ. ജയശ്രീ (55), അധ്യാപകൻ പി.സി. അബ്ദുൽ ജലീൽ (44), സ്കൂൾ ജീവനക്കാരൻ കെ.സി. സുബ്രഹ്മണ്യൻ (37), എസ്.എഫ്.ഐ. മഞ്ചേരി ഏരിയാ സെക്രട്ടറി നിധിൻ കണ്ണാടിയിൽ (24), പ്രസിഡൻറ്് വി. അഭിജിത്ത് (24), സി. മുഹമ്മദ് റാഫി (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ 11-ഓടെയാണ് സംഘർഷമുണ്ടായത്. ഇടുക്കിയിൽ എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബുധനാഴ്ച എസ്.എഫ്.ഐ. ആഹ്വാനം ചെയ്ത പഠിപ്പുമുടക്കുസമരം സ്കൂളിൽ നടത്തണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ സംഘമായി സ്കൂളിലെത്തിയിരുന്നു. എന്നാൽ സ്കൂളിൽ രാഷ്ട്രീയം അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവില്ലെന്നും കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകേണ്ടതുണ്ടെന്നും പറഞ്ഞ് അധ്യാപകർ ഇവരെ മടക്കിഅയച്ചു. സംഘത്തിൽ ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും പങ്കെടുത്തിരുന്നു. ഈ വിദ്യാർഥിയെ അധ്യാപകർ വിളിച്ച് ശാസിക്കുകയും രക്ഷിതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയെ പുറത്താക്കിയെന്നാരോപിച്ച് വ്യാഴാഴ്ച വീണ്ടും ഇത് ചോദ്യംചെയ്യാൻ എസ്.എഫ്.ഐ. നേതാക്കൾ സ്കൂളിലെത്തി. പ്രഥമാധ്യാപികയുടെ മുറിയിൽ ഇരുവിഭാഗവും തമ്മിൽ സംസാരിക്കുന്നതിനിടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.
എസ്.എസ്.എൽ.സി. വിദ്യാർഥികളുടെ പരീക്ഷാഫീസുമായി ബന്ധപ്പെട്ട ജോലി ചെയ്യുകയായിരുന്ന പ്രഥമാധ്യാപികയുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായി സ്കൂൾ അധികൃതർ പറഞ്ഞു. മേശപ്പുറത്തെ ഫയലുകൾ തട്ടിത്തെറിപ്പിക്കുകയും ഇത് തടഞ്ഞപ്പോൾ തന്നെ അവർ ആക്രമിക്കുകയും ചെയ്തെന്ന് പ്രഥമാധ്യാപിക എ. ജയശ്രീ പറഞ്ഞു. ആശുപത്രിയിലും ഭീഷണി മുഴക്കിയെന്ന് അധ്യാപകർ പറഞ്ഞു.
പത്തിലധികംവരുന്ന അധ്യാപകർ സംഘംചേർന്ന് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥിനേതാക്കൾ പറഞ്ഞു. സംഘർഷത്തിൽ എസ് എഫ് ഐ നേതാവിന്റെ കയ്യൊടിഞ്ഞു. സംഭവത്തിൽ പോലീസ് ആശുപത്രിയിലെത്തി ഇരുകൂട്ടരുടെയും മൊഴി രേഖപ്പെടുത്തി. ഇരുകൂട്ടരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.
സംഘർഷത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ., എം.എസ്.എഫ്. പ്രവർത്തകർ സ്കൂളിലേക്ക് മാർച്ച് നടത്തി.