തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലാ ശാസ്ത്രയാന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോലീസ് സേനയിലെ നായ്ക്കളുടെ പ്രകടനം കാണാന്‍ വന്‍ ജനാവലി. ശരീരത്തിലും ബാഗിലുമെല്ലാം ഒളിപ്പിച്ചു വെച്ച ലഹരിവസ്തുക്കളും സ്‌ഫോടക വസ്തുക്കളും മണത്ത് കണ്ടു പിടിച്ചും പരിശീലകരുടെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ചും ശ്വാനസേന കാഴ്ചക്കാരുടെ കൈയടി നേടി. ഫോറന്‍സിക് സയന്‍സ് പഠനവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പരിപാടിക്ക് ഡോഗ് ട്രെയിനിങ് സ്‌കൂളിലെ ചീഫ് ഇന്‍സ്ട്രക്ടര്‍ എസ്. ഐ. ഒ.പി. മോഹന്‍, എ.എസ്.ഐമാരായ മോഹന്‍ കുമാര്‍, റോഷന്‍ പോള്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, ഫോറന്‍സിക് സയന്‍സ് പഠനവകുപ്പ് മേധാവി ഡോ. ഇ. ശ്രീകുമാരന്‍, കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.എസ്. ശിവപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു. ബെല്‍ജിയം മെലിനോയ്‌സ് ഇനത്തില്‍പ്പെട്ട റൂബി, ഡയാന, മാഗി, ഹീറോ, ലാബ്രഡോര്‍ ഇനത്തിലെ മിസ്റ്റി, ഫ്രിഡ, ജര്‍മന്‍ ഷെപ്പേര്‍ഡ് വിഭാഗത്തിലെ തണ്ടര്‍, റിഡോ, പ്രിന്‍സി എന്നിവ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കേരള പോലീസിലെ ഏക വനിതാ ഡോഗ് ഹാന്‍ഡ്‌ലര്‍ എ.എസ്. ഐ. ആയ വി.സി. ബിന്ദു, ഹാന്‍ഡ്‌ലര്‍മാരായ ആന്റണി, സുമേഷ്, സജിന്‍, സുരാജ്, വിജു, സിബിന്‍, ശ്രീകുമാര്‍, ജോജി എന്നിവരാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്.