ഭൂമിയിടപാട് കേസ് ; പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം : ആലുവയിലെ 11. 46 എക്കര്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന പരാതിയില്‍ മുന്‍ എം.എല്‍.എ. പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ സിജു കെ. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് എടത്തല പഞ്ചായത്തിലെത്തി രേഖകള്‍ പരിശോധിച്ചത്. പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും രേഖകളുടെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കൊല്ലം സ്വദേശിയായ മുരുകേശ് നരേന്ദ്രന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.

അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയിലും സംഘം പരിശോധന നടത്തി. ഭൂമിയിലെ കെട്ടിടങ്ങളുടെയും അതിര്‍ത്തികളുടെയും വിശദാംശങ്ങള്‍ ശേഖരിച്ചു. അതിര്‍ത്തി സംബന്ധിച്ച് വ്യക്തത വരുത്താന്‍ ആലുവ ഈസ്റ്റ് വില്ലേജിലെ വില്ലേജ് ഓഫീസറെയും സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറെയും വിജിലന്‍സ് സംഘം വിളിച്ചു വരുത്തിയിരുന്നു.

ഡല്‍ഹിയിലെ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലില്‍ നിന്ന് പി.വി. അന്‍വര്‍ ലേലത്തില്‍ പിടിച്ച ഭൂമി പോക്കുവരവ് ചെയ്ത് സ്വന്തമാക്കിയെന്നാണ് ആരോപണം. ഇന്റര്‍നാഷണല്‍ ഹൗസിംഗ് കോംപ്ലക്‌സിന്റെ ഉടമസ്ഥതയിലുള്ള ആലുവ ഈസ്റ്റ് വില്ലേജിലെ ഈ ഭൂമി ഒരു ഹോട്ടല്‍ ഗ്രൂപ്പിന് 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കിയിരുന്നു. അവര്‍ കടക്കെണിയിലായതിനെ തുടര്‍ന്നാണ് ഭൂമിയും കെട്ടിടങ്ങളും ലേലത്തില്‍ വച്ചത്.

2024 നവംബര്‍ 19 ന് അന്‍വറിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന്റെ അനുമതി തേടുകയും, ഡിസംബര്‍ 24 ന് അനുവദിക്കപ്പെടുകയും ചെയ്തു. നിലവിലെ കണക്കനുസരിച്ച്, സ്ഥലത്തിനും കെട്ടിടത്തിനും 200 കോടി രൂപ വിലവരും.

സംഭവത്തെക്കുറിച്ച് പ്രതികരിച്ച അന്‍വര്‍, മുഖ്യമന്ത്രിയോ മറ്റാരെങ്കിലുമോ ആലുവയിലെ കെട്ടിടം പൊളിക്കുകയോ ഭൂമി ഏറ്റെടുക്കുകയോ ചെയ്യാന്‍ വെല്ലുവിളിച്ചു. ആലുവയിലെ 11.46 ഏക്കര്‍ ഭൂമി നിയമപ്രകാരമാണ് താന്‍ കൈവശപ്പെടുത്തിയതെന്ന് മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അന്‍വര്‍ പറഞ്ഞു.

error: Content is protected !!