
കേസ് എടുത്തത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ എന്നു കോടതിയിൽ റിപ്പോർട് നൽകും
തിരൂരങ്ങാടി: സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂറിനെതിരെയുള്ള കേസ് പോലീസ് പിൻവലിക്കുന്നു, ഇതിനുള്ള നടപടികൾ ആരംഭിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകി പിന്‍വലിക്കാനാണ് ശ്രമം. കഴിഞ്ഞ 5 ന് തെന്നല പഞ്ചായത്ത് മുസ്ലിം കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ അവകാശ സംരക്ഷണ പരിപാടിയിൽ പ്രസംഗിച്ചതിനാണ് കേസ് എടുത്തത്.
ഉദ്ഘടകനായ ഇ. ടി. മുഹമ്മദ് ബഷീർ എം പി ഒഴികെയുള്ള 12 പ്രാസംഗികന്മാരുടെയും കണ്ടാലറിയാവുന്ന 200 പേർക്കെതിരെയുമാണ് തിരൂരങ്ങാടി എസ് ഐ എസ്‌കെ പ്രിയൻ സ്വമേധയാ കേസ് എടുത്തത്. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കി, കോവിഡ് പ്രോട്ടോകോൾ തെറ്റിച്ചു സാമൂഹിക അകലം പാലിച്ചില്ല എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്. സമദ് പൂക്കോട്ടൂർ മൂന്നാം പ്രതി ആയിരുന്നു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM
പൊതുയോഗത്തില്‍ അഥിതികളായി പങ്കെടുത്ത എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഖാസിമി, മുസ്്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, ടി.വി മൊയ്തീന്‍, പി.കെ റസാഖ്, പണ്ഡതനും കോഡിനേഷന്‍ ട്രഷററുമായ ഷേക്ക് മുസ്ലിയാര്‍, ദര്‍ശന ടി.വി സി.ഇ.ഒ സിദ്ധീഖ് ഫൈസി വാളക്കുളം, വി.എസ് ബാവ ഹാജി, കെ.വി മജീദ്, വിസ്ഡം ഹംസ ചീരങ്ങന്‍, മുജാഹിദ് പി.കെ ഷാനവാസ്, ജമാഅത്തെ ഇസ്ലാമി ഹംസ വെന്നിയൂര്‍ എന്നിവർക്കും കാണ്ഡലറിയുന്ന 200 ഓളം പേര്‍ക്കെതിരെയാണ് കെ.പി ആക്ട് 2011- 77ബി, 121 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
സംഘാടകർക്കൊപ്പം അതിഥികൾ ആയ പ്രാസംഗികർക്ക് എതിരെ കേസ് എടുത്തത് വലിയ വിവാദം ആയിരുന്നു. മാത്രമല്ല, മൈക്ക് ഉപയോഗിക്കാൻ താനൂർ ഡി വൈ എസ് പിയിൽ നിന്നും അനുമതി നേടിയിട്ടും കേസ് എടുത്തത്
വിമർശനത്തിന് കാരണമായി. സമസ്തയും മുസ്ലിം ലീഗും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ചും നടത്തി.
തുടർന്നാണ് കേസ് പിൻവലിക്കാൻ പോലീസ് നടപടികൾ ആരംഭിച്ചത്. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തു എന്നതിൽ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട് നൽകിയാണ് പിൻവലിക്കുന്നത്. ഡി വൈ എസ് പി മുഖേനയാണ് റിപ്പോർട് നൽകുക.
അതേ സമയം,
കേസ് പിന്‍വലിച്ച് പൊലീസ് തടിയൂരിയത് കൊണ്ട് കാര്യമില്ലെന്നും കള്ളക്കേസ് എടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു. പൊലീസ് കള്ളക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ കോടതി വഴി പിന്‍വലിപ്പിക്കാനുള്ള നടപടികള്‍ യൂത്ത്‌ലീഗ് ആരംഭിച്ചതാണ്. കോടതി ഉത്തരവ് വരും മുമ്പ് തന്നെ പൊലീസ് കേസ് പിന്‍വലിച്ചതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്ത എസ്.ഐക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കണം. ഇല്ലെങ്കില്‍ നടപടി സ്വീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്നും റസാഖ് പറഞ്ഞു.