ജില്ല പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്ഘാടനം ചെയ്യും: മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരൂരങ്ങാടി: ജില്ലാ പൈതൃക മ്യൂസിയം മാർച്ചിൽ ഉദ്‌ഘാടനം ചെയ്യുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ ഹജൂർ കച്ചേരി കെട്ടിടത്തിന്റെ സംരക്ഷിത പ്രവർത്ത നങ്ങളാണ് നടത്തുന്നത്. ഇത് ഒരു വർഷം കൊണ്ട് 90 % പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ഇനി ചുറ്റുമതിലിന്റെയും ടൈൽ പതിക്കുന്നതിന്റെയും പ്രവൃത്തിയാണ് ബാക്കിയുള്ളത്. ഇതിന്റെ പ്രവൃത്തി 3 ദിവസത്തിനുള്ളിൽ തുടങ്ങും. നേരത്തെ രൂപകൽപ്പന ചെയ്തതിൽ നിന്ന് വ്യത്യസ്തമായി കെട്ടിടത്തിന്റെ പൗരണികതക്ക് യോജിച്ച തരത്തിൽ ചുറ്റുമതിൽ ആകർഷകമായ തരത്തിലുള്ളതാക്കി മാറ്റാൻ ഭേദഗതി വരുത്തിയിട്ടുണ്ട്. അതു സംബന്ധിച്ച് കരാറുകാരന് വേണ്ട നിർദേശങ്ങൾ നൽകുന്നതിന് പുരാവസ്തു വകുപ്പ് കൺസർവേഷൻ എഞ്ചിനിയർ, അസിസ്റന്റ് എഞ്ചിനിയർമാർ എന്നിവർ ബുധനാഴ്ച ഹജൂർ കച്ചേരി സന്ദർശിച്ചിരുന്നു.

https://youtu.be/Fw7KCwhhzRY
മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രതികരണം

സർക്കാരിന്റെ ഒന്നാം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എന്ത് വിലകൊടുത്തും മാർച്ചിൽ ഉദ്‌ഘാടനം ചെയ്യും.

രണ്ടാം ഘട്ടത്തിൽ നടപ്പാക്കുന്ന പൈതൃക മ്യൂസിയത്തിന്റെ ഡി പി ആർ തയ്യാറായി കൊണ്ടിരിക്കുകയാണ്. സമയ ബന്ധിതമായി മ്യൂസിയം സജ്‌ജീകരണവും പൂർത്തീകരിക്കും. നിത്യവും സന്ദർശകർ എത്തുന്ന ഒരു സജീവ മ്യുസിയമായി ഹജൂർ കച്ചേരിയെ മാറ്റുന്നതോടൊപ്പം തിരൂരങ്ങാടിയുടെ സാംസ്കാരിക സംഗമത്തിൻ്റെ കേന്ദ്രമാക്കി ഇതിൻ്റെ അങ്കണത്തെ മാറ്റുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പത്മശ്രീ നേടിയ കെ.വി.റാബിയയെ സന്ദർശിക്കാൻ എത്തിയതായിരുന്നു മന്ത്രി. ഐ എൻ എൽ നേതാക്കളായ സമദ് തയ്യിൽ, സി പി അബ്ദുൽ വഹാബ്, പി.ഷാജി സമീർ എന്നിവരും കൂടെയുണ്ടായിരുന്നു.

error: Content is protected !!