തിരൂരങ്ങാടി: രോഗിയെ പരിചരിക്കുന്നവർക്ക് ഇരിക്കാൻ കസേരയില്ലാത്തത് അനുഭവിച്ചറിഞ്ഞ രോഗി താലൂക്ക് ആശുപത്രിയിലേക്ക് കസേരകൾ നൽകി. ഐ.എൻ.എൽ വള്ളിക്കുന്ന് മണ്ഡലം വൈസ് പ്രസിഡൻറ് പള്ളിക്കൽ സ്വദേശി എം അബ്ദുറഹ്മാൻ(65) ആണ്
കസേരകൾ നൽകിയത്.
കൊവിഡിനെത്തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുറഹ്മാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അഞ്ചു ദിവസം ആശുപത്രിയിൽ ചികിത്സയിൽ കിടന്നെങ്കിലും വാർഡിൽ കസേരകളുടെ കുറവ് രോഗികളെയും കൂടെ നിൽക്കുന്നവരെയും വലച്ചിരുന്നു. ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ആയതോടെ അബ്ദുറഹ്മാൻ ആശുപത്രി സൂപ്രണ്ടിനോട് കാര്യം സൂചിപ്പിക്കുകയും പതിനഞ്ച് കസേരകൾ ഉടനെത്തന്നെ സ്വന്തം പണം മുടങ്ങി ആശുപത്രിക്ക് വാങ്ങി നൽകുകയായിരുന്നു.
പള്ളിക്കൽ ബസാറിൽ തെരുവിൽ ശർക്കര ജിലേബി വിൽപനക്കാരനാണ് അബ്ദുറഹ്മാൻ.
കസേരകൾ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസ് ഏറ്റുവാങ്ങി. കോർഡിനേറ്റർ ഹംസകുട്ടി ചെമ്മാട്, വി മൊയ്തീൻഹാജി തിരൂരങ്ങാടി, സാലിഹ് മേടപ്പിൽ, കെ.സി മൻസൂർ, മുനിസിപ്പൽ കൗൺസിലർമാരായ അഹമ്മദ്കുട്ടി കക്കടവത്ത്, പി.ടി ഹംസ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി റഷീദ്, ഹംസ ഫൈസി, സലാം മമ്പുറം, അഷ്റഫ് തിരൂരങ്ങാടി, മുഹമ്മദ്കുട്ടി പള്ളിക്കൽ, എം നബീസ തുടങ്ങിയവർ സംബന്ധിച്ചു.