തിരൂരങ്ങാടി നഗരസഭയിൽ മൊബൈൽ ഫോണിനെ ചൊല്ലി വിവാദം. യൂത്ത് കോണ്ഗ്രസ് നേതാവായ കൗണ്സിലർ അലി മോൻ തടത്തിലിന്റെ കാണാതായ ഫോണിനെ ചൊല്ലിയാണ് നഗരസഭയിൽ പുതിയ വിവാദം ചൂടുപിടിച്ചിരിക്കുന്നത്. അലി മോൻ തടത്തിലും മുൻ കൗണ്സിലറും സി ഡി എസ് അംഗവുമായ സിപിഐ യിലെ കെ വി മുംതാസും തമ്മിലുള്ള തർക്കത്തിൽ പോലീസ് കേസ് എടുക്കാത്തതിനെ തുടർന്ന് പോലീസ് സ്റ്റേഷൻ മാർച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് എ ഐ വൈ എഫ്.
ഇന്ന് മുന്സിപാലിറ്റിയിൽ നടന്ന സി ഡി എസ് പരിപാടിക്കിടെ മുംതാസിന് ഫോൺ വീണു കിട്ടിയിരുന്നു. മുൻസിപ്പാലിറ്റി വൈസ് ചെയർപേഴന്റെ നിർദേശ പ്രകാരം കൈവശം വെച്ചിരുന്നു. ഇതിനിടെ ഫോണിലേക്ക് അലിമോൻ വിളിച്ചു. ഇത് ആരാണെന്ന് ചോദിച്ചത് അലിമോന് ഇഷ്ടപ്പെട്ടില്ലെന്നും ആള് ആരാണെന്ന് അറിഞ്ഞാലെ നീ ഫോൺ തരൂ എന്ന് ചോദിച്ചു അസഭ്യം പറഞ്ഞതായും സ്ത്രീത്വത്തെ അവഹേളിച്ചതായും മുംതാസ് പറയുന്നു.
എന്നാൽ കളഞ്ഞു പോയ ഫോണിലേക്ക് വിളിച്ച് എന്റേതാണ് എന്നു പറഞ്ഞപ്പോൾ നീ ആരെന്ന് പറയടാ എന്നും നേരിൽ വന്നു ചോദിച്ചപ്പോൾ ഫോൺ തരണോ വേണ്ടേ എന്ന് ഞാൻ ആലോചിക്കട്ടെ എന്നും പറഞ്ഞു. ഞാൻ കിട്ടിയ സ്ഥലത്തു കൊണ്ടിടുമെന്ന് പറഞ്ഞപ്പോൾ ഫോൺ നഷ്ടപ്പെട്ടാൽ നീ വാങ്ങി തരേണ്ടി വരുമെന്നും പറഞ്ഞതായി അലിമോൻ പറയുന്നു.
കാണാതായ ഫോൺ മുൻ കൗണ്സിലറുടെ ബാഗിൽ നിന്നും പിടികൂടി എന്നും ചോദിച്ചിട്ടും തിരിച്ചു തന്നില്ലെന്നും അലിമോൻ ആരോപിക്കുന്നു. വൈസ് ചെയർപേഴ്സൻ പറഞ്ഞിട്ടാണ് സൂക്ഷിച്ചതെന്നാണ് ഇവർ പറയുന്നത്, എന്നാൽ സംഭവം വൈസ് ചെയർപേഴ്സൻ അറിഞ്ഞിട്ടു പോലുമില്ലെന്നും അലിമോൻ പറയുന്നു.
സംഭവത്തിൽ പ്രതിഷേധ വുമായി സിപിഐ രംഗത്തെത്തിയിട്ടുണ്ട്. പരാതി നൽകിയിട്ടും കേസ് എടുത്തില്ലെന്ന് ആരോപിച്ച് എ ഐ വൈ എഫ്. ശനിയാഴ്‌ച 3 മണിക്ക് പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തുന്നുണ്ട്.
അലിമോൻ മുമ്പും വിവാദത്തിൽ പെട്ടിട്ടുണ്ട്. കാഥികനും സി പിഎം നേതാവുമായ തൃക്കുളം കൃഷ്ണൻ കുട്ടിയെ മുന്സിപാലിറ്റി മുറ്റത്ത് വെച്ച് മർദിച്ച സംഭവം ഉണ്ടായിരുന്നു.