എന്‍.എസ്.എസ്. ദേശീയ പുരസ്‌കാരം സര്‍വകലാശാലക്ക് കൈമാറി

മികച്ച എന്‍.എസ്.എസ്. പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം കാലിക്കറ്റ് സര്‍വകലാശാലയിലെത്തി. കോവിഡ് കാരണം വിതരണം ചെയ്യാതിരുന്ന 2018-19 വര്‍ഷത്തെ പുരസ്‌കാരമാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. രാഷ്ട്രപതിഭവനില്‍ വെച്ച് നടക്കേണ്ട ചടങ്ങ് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം മുടങ്ങുകയായിരുന്നു. ആ വര്‍ഷത്തെ മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മെഡലും കാലിക്കറ്റിലെ തന്നെ പി.വി. വത്സരാജനായിരുന്നു. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിനായി കേരള ടീമിനൊപ്പം ഡല്‍ഹിയില്‍ പോയ നിലമ്പൂര്‍ ഗവ. കോളേജിലെ സമീറയാണ് കാലിക്കറ്റിന്റെ പുരസ്‌കാരങ്ങള്‍ കാമ്പസിലെത്തിച്ചത്. സെനറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ അന്നത്തെ കോ-ഓര്‍ഡിനേറ്റര്‍ പി.വി. വത്സരാജില്‍ നിന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഇവ ഏറ്റുവാങ്ങി. മികച്ച കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മെഡല്‍ വി.സി. സമ്മാനിച്ചു. ഭവനരഹിതര്‍ക്ക് വീടുവെച്ചു നല്‍കുന്ന പദ്ധതിയാണ് കാലിക്കറ്റിനെ പുരസ്‌കാരമികവിലേക്കെത്തിച്ചത്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, എന്‍.എസ്.എസ്. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, സിന്‍ഡിക്കേറ്റംഗങ്ങളായ കെ.കെ. ഹനീഫ, കെ.ഡി. ബാഹുലേയന്‍, അഡ്വ. ടോം കെ. തോമസ്, ഡോ. എം. മനോഹരന്‍, എ.കെ. രമേഷ് ബാബു, ഡോ. കെ.പി. വിനോദ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!