തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ രോഗികള്‍ക്ക് ഏറെ സഹായകമാകുന്ന ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി. ഓപ്പറേഷന്‍ ഉള്‍പ്പെടെയുള്ള വളരെ നല്ല രീതിയില്‍ നടക്കുന്ന ആശുപത്രിയില്‍ ബ്ലെഡ് സ്റ്റോറേജ് ഇല്ലാത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തെ യൂണിറ്റ് ഉണ്ടായിരുന്നെങ്കിലും കൃത്യമായി നടപടിക്രമങ്ങൾ പാലിക്കാത്തതിനാൽ അനുമതി റദ്ദായി. ഇതേ തുടർന്ന് പുതിയ സുപ്രണ്ട് ചുമതലയേറ്റ
ശേഷം സ്റ്റോറേജ് യൂണിറ്റ് പുനരാരംഭിക്കാൻ ശ്രമം നടത്തുകയായിരുന്നു. 100 യൂണിറ്റ് ബ്ലഡ് സൂക്ഷിക്കാൻ സൗകര്യമുള്ള യൂണിറ്റാണ് ആരംഭിച്ചിട്ടുള്ളത്. ഇപ്പോൾ 20 യൂണിറ്റാണ് സൂക്ഷിക്കുന്നത്. തിരൂർ ജില്ല ആശുപത്രി യിലെ ബ്ലഡ് ബാങ്കിൽ നിന്നും രക്തം കൊണ്ടു വന്നു സൂക്ഷിക്കുകയാണ്. അത്യാവശ്യത്തിന് രോഗികൾക്ക് ഉപയോഗിക്കാൻ കഴിയും. താലൂക്ക് ആശുപത്രിയിലെ രോഗികൾക്ക് പുറമെ പുറത്തു നിന്നുള്ള രോഗികൾക്കും ഇവിടെ നിന്ന് രക്തം നൽകും. ഇതിനായി അടുത്ത ആഴ്ച്ച മുതൽ 24 മണിക്കൂർ പ്രവർത്തനമാക്കും. ഫോൺ നമ്പർ : 8590855523
ബ്ലഡ് പെട്ടെന്ന് കിട്ടാൻ സൗകര്യമില്ലാത്തതിനാൽ ആശുപത്രിയിൽ അപകടം, പ്രസവം ഉൾപ്പെടെ അടിയന്തര ഓപ്പറേഷൻ നടത്തേണ്ട സംഭവങ്ങൾ പോലും റഫർ ചെയ്യേണ്ടി വന്നിട്ടുണ്ട്.
ബ്ലെഡ് സ്റ്റോറേജിന് പരിഹാരമായതോടെ ആവശ്യാനുസരം ഓപ്പറേഷനും രോഗികള്‍ക്കുള്ള പ്രയാസം ഒഴിവാക്കാനും സാധിക്കും.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ബ്ലെഡ് സ്റ്റോറേജ് ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ ബ്ലെഡ് സ്‌റ്റോറേജ് മാത്രമാണ് പ്രവര്‍ത്തനം തുടങ്ങിയിട്ടുള്ളത്. അത് ബ്ലെഡ് ബാങ്ക് സൗകര്യത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുകയാണെന്നും ആ സൗകര്യം കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും കെ.പി മുഹമ്മദ് കുട്ടി പറഞ്ഞു. ചടങ്ങില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി അധ്യക്ഷയായി. സ്ഥിരസമിതി അധ്യക്ഷരായ സി.പി ഇസ്മായീല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, വാർഡ് മെമ്പർ കക്കടവത്ത് അഹമ്മദ് കുട്ടി, സുപ്രണ്ട് ഡോ. പ്രഭുദാസ്, ആർ എം ഒ ഡോ.ഹഫീസ്, എം.അബ്ദുറഹ്മാന്‍ കുട്ടി, അയ്യൂബ് തലാപ്പില്‍, പങ്കെടുത്തു.