ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരും: മുഖ്യമന്ത്രി

തിരൂര്‍: സംസ്ഥാനത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് ശിഹാബ് തങ്ങൾ സഹകരണ ആശുപത്രി ശക്തി പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് കാലത്ത് ഇതു തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലയിലെ തീരദേശത്തെ ഏറ്റവും വലിയ മള്‍ട്ടി സൂപ്പര്‍ സ്‌പെഷാലിറ്റി ഹോസ്പിറ്റലായ തിരൂര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ ആശുപത്രിക്കു ശേഷം പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിൽസ നൽകുന്ന സ്ഥാപനങ്ങളാണ് സഹകരണ ആശുപത്രികൾ. കുറഞ്ഞ ചെലവിൽ മൾട്ടി സ്പെഷ്യാലിറ്റി സൗകര്യങ്ങൾ നൽകാൻ കഴിയുന്നതാണ് ശിഹാബ് തങ്ങൾ ആശുപത്രിയുടെ പ്രസക്തി. തങ്ങളുടെ മാനവിക അനുഭാവം ആശുപത്രിയ്ക്കും കാത്തു സൂക്ഷിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. വൻ ജന വലിയാണ് ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തത്. തീരമേഖലയുടെ പൊതു മനസാകെ ഉദ്ഘാടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു .
ചടങ്ങിൽ ആശുപത്രി ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു.
ട്രോമാകെയര്‍ സെന്റെര്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഒപി വിഭാഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻഉദ്ഘാടനം നിര്‍വഹിച്ചു. ഓപ്പറേഷന്‍ തിയെറ്റര്‍ ഉദ്ഘാടനം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. ഫാര്‍മസി ന്യൂനപക്ഷ വഖഫ് ബോര്‍ഡ്-കായിക മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. റേഡിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. കെ.കെ. അലി ഹാജി സ്മാരക അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി ഉദ്ഘാടനം ചെയ്തു. വിഐപി ലോഞ്ച് ഉദ്ഘാടനം പി.വി. അബ്ദുല്‍ വഹാബ് എംപി നിര്‍വഹിച്ചു. ഗൈനക്കോളജി ആന്‍ഡ് നിയോനാറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എം.പി. അബ്ദുല്‍ സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തു. പ്രിവില്ലേജ് കാര്‍ഡ് വിതരണ ഉദ്ഘാടനം സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാത്തോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എംഎല്‍എ നിര്‍വഹിച്ചു.
ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ ഫെസിലിറ്റി ചെയര്‍മാന്‍ ഡോ. കെ.പി. ഹുസൈന്‍ പ്രൊജക്റ്റ് വിശദീകരണം നടത്തി. ചടങ്ങില്‍ എംഎല്‍എമാര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശിഹാബ് തങ്ങള്‍ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ഹാജി കീഴേടത്തില്‍ സ്വാഗതവും സെക്രട്ടറി എ.കെ. മുഹമ്മദ് മുസമില്‍ നന്ദിയും ആശംസിച്ചു.

error: Content is protected !!