തിരൂരങ്ങാടി : സ്കൂൾ പരിസരങ്ങളിലെ ലഹരി, നിരോധിത പുകയില കച്ചവടത്തിനെതിരെ തിരൂരങ്ങാടി പോലീസ് നടപടി കർശനമാക്കി. 2 ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ 2500 പാക്കറ്റ് ഹാൻസ് പിടികൂടി. ഹാൻസ് വിതരണത്തിന് ഉപയോഗിച്ച ഓട്ടോ കസ്റ്റഡിയിലെടുത്തു. വിതരണം നടത്തുന്ന ഓട്ടോക്കാരനെയും കച്ചവടം നടത്തിയ ആളെയും അറസ്റ്റ് ചെയ്തു. വെന്നിയുർ തെയ്യാല റോഡിലെ ഷോപ്പുടമ ബി കെ മുജീബ്, ഓട്ടോയിൽ വിതരണം നടത്തിയ പറപ്പൂർ ശിഹാബുദ്ധീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വെന്നിയൂരിൽ വ്യാപകമായി പാൻമസാല വിൽപന ഉണ്ടെന്നറിഞ്ഞു പോലിസും താനൂർ ഡാൻസഫ് സംഘവും നടത്തിയ പരിശോധനയിലാണ് മുജീബിന്റെ കടയിൽ നിന്ന് പാൻമസാല പിടികൂടിയത്. കഴിഞ്ഞ ദിവസം കക്കാട് നടത്തിയ പരിശോധനയിലാണ് ഔട്ടോയിൽ കൊണ്ടു പോകുകയായിരുന്ന 2345 പാക്കറ്റ് പിടികൂടിയത്. എസ് ഐ മാരായ റഫീഖ്, ജയപ്രകാശ്, വിശ്വനാഥൻ, എസ് സി പി ഒ അനിൽകുമാർ, സിപിഒ ബിജോയ്, പവീഷ്, കുട്ടൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പരിശോധന ഇനിയും തുടരുമെന്നും പൊതുജനങ്ങൾക്ക് വിവരം നൽകാമെന്നും പോലീസ് പറഞ്ഞു.