ഹോട്ടലുകളില്‍ ടേസ്റ്റ് മാറുന്നു; പുതിയ രുചിഭേദങ്ങളുമായി വിദേശ വിഭവങ്ങള്‍

മലപ്പുറം: കോവിഡാനന്തര പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ പതിവ് രീതിയില്‍ നിന്ന് മാറി നടക്കാനൊരുങ്ങി മലബാറിലെ റെസ്റ്റോറന്റ് സംരംഭകര്‍. അറേബ്യന്‍ വിഭവങ്ങള്‍ അരങ്ങുവാഴുന്ന ഈ രംഗത്തിപ്പോള്‍ പുതിയ രുചി മാറ്റത്തിന്റെ പരീക്ഷണങ്ങളാണ് നടക്കുന്നത്. നാടന്‍, അറേബ്യന്‍ വിഭവങ്ങള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ലഭിച്ചിരുന്ന കോണ്ടിനന്റല്‍ വിഭവങ്ങളും ഇപ്പോള്‍ ഇടംപിടിച്ചിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് പലപ്പോഴും അപ്രാപ്യമായിരുന്ന ഈ സവിശേഷ വിദേശ വിഭവങ്ങള്‍ നാടന്‍ രുചികളുമായി ഒത്തുപോകുന്ന രീതിയില്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുന്നതിലാണ് ഈ രംഗത്തെ യുവ സംരഭകരുടെ പരീക്ഷണം.

ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവിന്റെ സ്വാധീനത്തില്‍ മലബാര്‍ മേഖലയില്‍ കൂണ്‍ പോലെ മുളച്ച് പൊന്തിയ അറേബ്യന്‍ വിഭവങ്ങള്‍ വിളമ്പുന്ന ഭക്ഷണശാലകള്‍ പലതും ഇപ്പോള്‍ പ്രതിസന്ധിയിലാണ്. ഇത്തരം ഭക്ഷണശാലകളുടെ ആധിക്യമാണ് ഇവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് വിഘാതമാകുന്നത്. എന്നാല്‍ വിഭവങ്ങളില്‍ വൈവിധ്യ വല്‍ക്കരണം നടത്തിയും നവീന ആശയങ്ങള്‍ അവതരിപ്പിച്ചും സ്വന്തമായി വിപണി കണ്ടെത്താമെന്ന് ഈയിടെ മലപ്പുറത്തെ കോട്ടക്കലില്‍ കോളിഫ്‌ളവര്‍ ഈറ്ററീസ് എന്ന പുതിയ ബജറ്റ് കോണ്ടിനെന്റല്‍ റസ്ട്രന്റിനു തുടക്കമിട്ട യുവ സംരഭകര്‍ പറയുന്നു. ഒരു പറ്റം വ്യാപാരികളുടെ കൂട്ടായ്മയിലാണ് ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്.

പ്രധാനമായും സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം ലഭിക്കുന്ന കോണ്ടിനന്റല്‍ വിഭവങ്ങളില്‍ നിന്നും നമ്മുടെ രുചികളുമായി ചേര്‍ന്നു പോകുന്ന ഏതാനും വിഭവങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഇവര്‍ പറയുന്നു. ഗള്‍ഫില്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്തിട്ടുള്ള മുതിര്‍ന്ന ഷെഫുമാരെ രംഗത്തിറക്കിയാണ് ഇവരുടെ പുതിയ പരീക്ഷണം. തുര്‍ക്കി, മെക്സിക്കന്‍, കൊറിയന്‍, ഇറാനി, ലെബനോന്‍ വിഭവങ്ങളുമായാണ് തുടക്കം. ഇവയ്ക്കൊപ്പം മറ്റു പതിവ് വിഭവങ്ങളും കോളിഫ്ളവറില്‍ നല്‍കുന്നുണ്ട്.

അറേബ്യന്‍ വിഭവങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതിവ് രീതിയില്‍ നിന്ന് മാറാന്‍ ഈ രംഗത്തെ സംരഭകര്‍ തയാറാകുന്നുവെന്നതാണ് പുതിയ വിശേഷം. നാടന്‍, വിദേശ രുചിവൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന ഫ്യൂഷന്‍ മെനുവാണ് ഈ മാറ്റത്തിലെ പ്രത്യേകത. വിപണി സാധ്യത മുന്‍കൂട്ടി തിരിച്ചറിഞ്ഞ് നിരന്തരം മെനു പരിഷ്‌കരിച്ചാല്‍ മാത്രമേ ഭക്ഷണപ്രേമികളെ ആകര്‍ഷിക്കാനാകൂവെന്ന കാര്യത്തില്‍ സംരംഭകര്‍ക്കും ഉപഭോക്താക്കളും എതിരഭിപ്രായമില്ല. ഭക്ഷണ ശാലകളെല്ലാം ഈ രീതി പിന്തുടരേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

error: Content is protected !!