തിരൂരങ്ങാടി: രാത്രി അപകടങ്ങൾക്ക് അറുതി വരുത്താൻ രാത്രി ഉണർന്ന് പ്രവർത്തിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഓപ്പറേഷൻ ഫോക്കസിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഏപ്രിൽ 13 വരെയാണ് പരിശോധന. വൈകുന്നേരം 7 മുതൽ തുടങ്ങിയ പരിശോധന പുലർച്ചെ മൂന്നു മണിവരെ നീണ്ടുനിന്നു.
കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകളും,
അനധികൃതമായ കളർ ലൈറ്റുകളും ഘടിപ്പിച്ച 32 വാഹനങ്ങൾക്കെതിരെ യും, ബ്രേക്ക് ലൈറ്റുകൾ ഇല്ലാത്ത 14,
ടോപ് ലൈറ്റ് ഘടിപ്പിക്കാത്ത 18,
ഇൻഷുറൻസ് ഇല്ലാത്ത 3, നികുതി അടക്കാത്ത രണ്ട് , ലൈസൻസില്ലാതെ വാഹനമോടിച്ച ഒരാൾക്കെതിരെയും തുടങ്ങിയ 70 കേസുകളിലായി 57,000 രൂപ പിഴ ഈടാക്കി. പരിശോധനയോടൊപ്പം അമിത ലൈറ്റുകൾക്കെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു.
തിരൂരങ്ങാടി ജോയിന്റ് ആർ ടി ഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐമാരായ പി എച്ച് ബിജുമോൻ, എം കെ പ്രമോദ് ശങ്കർ എ എം വി ഐ മാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, ടി മുസ്തജാബ് എന്നിവരുടെ നേതൃത്വത്തിലാണ് യൂണിവേഴ്സിറ്റി, ചേളാരി, തലപ്പാറ, കൊളപ്പുറം, കക്കാട്, പൂക്കിപ്പറമ്പ്, കോട്ടക്കൽ, പരപ്പനങ്ങാടി, എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
നിങ്ങളുടെ വെളിച്ചം മറ്റൊരു കുടുംബത്തിന് ഇരുട്ടാകാതിരിക്കാൻ ഡ്രൈവർമാർ അമിത ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും, വിശ്രമമില്ലാതെ രാത്രികാലങ്ങളിലുള്ള ഡ്രൈവിംഗ് അപകടങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ തുടർച്ചയായുള്ള രാത്രി ഡ്രൈവിംഗ് ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്നും തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈർ പറഞ്ഞു