റോഡിൽ യുവതികളെ മർദിച്ച സംഭവത്തിൽ യുവാവിന് ഇടക്കാല ജാമ്യം

പാണമ്പ്രയിൽ നടുറോഡില്‍ സഹോദരികളായ യുവതികളെ മര്‍ദിച്ച കേസിലെ പ്രതിക്ക് ഇടക്കാല ജാമ്യം . പ്രതി സി.എച്ച്. ഇബ്രാഹിം ഷബീറിനെ മെയ് 19ന് മുന്‍പ് അറസ്റ്റ് ചെയ്താലും ഉപാധികളോടെ ജാമ്യം നല്‍കണമെന്നാണ് വ്യവസ്ഥ

മുസ്ലീം ലീഗ് തിരൂരങ്ങാടി മണ്ഡലം ട്രഷറര്‍ സിഎച്ച്‌ മഹ്‌മൂദ് ഹാജിയുടെ മകനാണ് പ്രതി

ഏപ്രില്‍ 16 ന് ദേശീയപാതയില്‍ തേഞ്ഞിപ്പലം പാണമ്പ്ര യിലായിരുന്നു കേസിനാസ്പദമായ സംഭവം.
സ്‌കൂട്ടര്‍ യാത്രക്കാരായ പരപ്പനങ്ങാടി സ്വദേശി ഹസ്‌ന അസീസ്, സഹോദരി ഹംന അസീസ് എന്നിവരെയാണ് സി എച്ച്‌ ഇബ്രാഹിം ഷബീര്‍ മര്‍ദിച്ചത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷബീറിന്റെ അപകടകരമായ ഡ്രൈവിങ് സഹോദരിമാര്‍ ചോദ്യംചെയ്തതായിരുന്നു മര്‍ദനത്തിന്റെ കാരണം എന്ന് യുവതികൾ പറഞ്ഞു. നേരത്തെ അമിതവേഗതയില്‍ ഇടതുവശത്തുകൂടി കാര്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്തിരുന്നു. തുടര്‍ന്ന് സഹോദരിമാര്‍ ഹോണടിച്ച്‌ മുന്നോട്ടുപോവുകയും അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിക്കുകയും ചെയ്തു.

പിന്നാലെ പാണമ്പ്ര ഇറക്കത്തില്‍വെച്ച്‌ ഷബീര്‍ കാര്‍ കുറുകെയിട്ട് യുവതികളെ തടയുകയായിരുന്നു. കാറില്‍നിന്നിറങ്ങിയ യുവാവ് പെണ്‍കുട്ടികളെ മര്‍ദിക്കുകയും ചെയ്തു. അഞ്ചുതവണ ഇയാള്‍ മുഖത്തടിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ, വാഹനത്തിന് സൈഡ് നല്കാതിരിക്കുകയും ഇത് ചോദ്യം ചെയ്തതിന് അസഭ്യം പറയുകയും ചെയ്തെന്നായിരുന്നു യുവാവിന്റെ ആരോപണം. ഇന്നലെ തേഞ്ഞിപ്പലം പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു.

error: Content is protected !!