തിരൂരങ്ങാടി: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടുനേര്‍ച്ച ഇന്ന് (2022 മെയ് 10 ചൊവ്വ) മുട്ടിച്ചിറ പള്ളിക്ക് പിന്‍വശത്തുള്ള ഫലാഹ് കാമ്പസില്‍ വെച്ച് നടക്കും.
ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് പോരാടി വീരമൃത്യു വരിച്ചവരാണ് മുട്ടിച്ചിറ ശുഹദാക്കള്‍. പതിനൊന്ന് പേരാണ് മുട്ടിച്ചിറയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. മുട്ടിച്ചിറ മഹല്ല് മജ്മഉദ്ദഅവത്തിസ്സുന്നിയ്യ, കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് മുട്ടിച്ചിറ മഖാം സിയാറത്തോടെ പരിപാടി ആരംഭിക്കും. മഖാം സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശുഹദാ മൗലിദ്, പ്രകീര്‍ത്തനസദസ്സ് എന്നിവ നടക്കും.
മഗ്‌രിബിനുശേഷം നടക്കുന്ന ശുഹദാ അനുസ്മരണ സമ്മേളനം കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 8 മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനത്തിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്‌മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. എസ്.വൈ.എസ് സ്ംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ, സംസ്ഥാനസെക്രട്ടറി എം.മുഹമ്മദ് സാദിഖ് വെളിമുക്ക്, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം,സയ്യിദ് നൂറുദ്ദീന്‍ ജിഫ്രി, സയ്യിദ് സൈനുല് ആബിദ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് മുത്തനൂര്‍ തങ്ങള്‍ നേതൃത്വം നല്‍കും.
വൈകുന്നേരം മുതല്‍ വിവിധ നാടുകളില്‍ നിന്ന് നേര്‍ച്ച പത്തിരിയുമായി എത്തിച്ചേരുന്ന ജനാവലിയെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. വിശാലമായ പന്തല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. 6000 പേര്‍ക്കുള്ള മാംസവും പത്തിരിയും വിതരണം ചെയ്യും. ജാതി മതഭേദമന്യേ വന്‍ ജനാവലി പങ്കെടുക്കുന്ന നേര്‍ച്ച മതമൈത്രിയുടെ പ്രതീകവുമാണ്.
പത്ര സമ്മേളനത്തില്‍ സയ്യിദ് സൈനുല് ആബിദ് തങ്ങള്‍, മുസ്തഫ പൂക്കാടന്‍, അബുഹാജി ആച്ചാട്ടില്‍, മുഹമ്മദ് എളവട്ടശേരി,സൈതലവി കൈതകത്ത് പങ്കെടുത്തു.
മുട്ടിച്ചിറ ശുഹദാ മൗലിദ് പുറത്തിറങ്ങി
തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ പേരിലുള്ള മൗലിദ് പ്രകാശിതമായി. മുട്ടിച്ചിറ മഹല്ല് മജ്മഉദ്ദഅവത്തിസുന്നിയ്യ കമ്മിറ്റിയാണ് മൗലിദ് പുറത്തിറക്കിയത്. മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റി പ്രൊഫസറും നിരവധി അറബി സാഹിത്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ മുഹമ്മദ് ബസ്വീര്‍ സഖാഫി പിലാക്കല്‍ ആണ് മൗലിദ് രചിച്ചത്. ബ്രിട്ടീഷ് രേഖകളുടെയും ചരിത്ര ഗ്രന്ഥങ്ങളുടെയും അടിസ്ഥാനത്താനത്തിലാണ് മൗലിദ് രചിച്ചിരിക്കുന്നത്. ഇന്ന് മുട്ടിച്ചിറ ഫലാഹ് കാംപസില്‍ നടക്കുന്ന ശുഹദാ നേര്‍ച്ചയില്‍ മൗലിദ് ഗ്രന്ഥം ലഭ്യമാണ്.