
തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ പാലത്തിങ്ങൽ ചീർപ്പിങ്ങലിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ നിർമിക്കുന്ന
സയൻസ്പാർക്ക് & പ്ലാനറ്റോറിയത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് 150 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ അബ്ദു റബ്ബിന്റെ ശ്രമഫലമായി പരപ്പനങ്ങാടി പാലത്തിങ്ങലിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മൂന്ന് കോടി ഉപയോഗിച്ച് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിരിന്നു. രണ്ടാംഘട്ടത്തിൽ ചുറ്റുമതിൽ നിർമ്മാണം, ഫെൻസിംഗ് നിർമ്മാണം, സെക്യൂരിറ്റി റൂം നിർമ്മാണം, ഗേറ്റ്, മുൻവശ സൗന്ദര്യ വൽക്കരണം, ലാന്റ് സ്കേപ്പിംഗ് തുടങ്ങിയവയാണ് രണ്ടാംഘട്ട നിർമ്മാണത്തിൽ ഉൾപ്പെടുക. രണ്ടാംഘട്ട നിർമ്മാണം പൂർത്തിയാകുന്ന മുറക്ക് മെഷിനറികൾ സ്ഥാപിച്ച് 2024 അവസാനത്തിനുള്ളിൽ പദ്ധതി പൂർത്തീകരിച്ച് പൊതു ജനങ്ങൾക്കായി തുറന്ന് നൽകുന്ന രൂപത്തിലാണ് പദ്ധതികളുടെ നിർമ്മാണം സജ്ജീകരിച്ചിട്ടുള്ളത്. വാനനിരീക്ഷണകേന്ദ്രം, വാട്ടർ ഫൗണ്ടൻ, ചിൽഡ്രൻസ് പാർക്ക്, ബട്ടർഫ്ലൈ പാർക്ക്, ശാസ്ത്ര സാങ്കേതിക മ്യൂസിയം, ഗാർഡൻ, മ്യൂസിക്കൽ ഫൗണ്ടൻ, ചരിത്ര സ്മാരക മ്യൂസിയം എന്നിവയാണ് ഈ പദ്ധതിയിൽ വരുന്നത്.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പാലത്തിങ്ങൽ കീരനല്ലൂർ ചീർപ്പിങ്ങൾ ഭാഗത്ത് ജലവിഭവ വകുപ്പിന്റെ കൈവശമുള്ള ഭൂമിയിൽ നിന്നും 3 ഏക്കർ ഭൂമി ഈ പ്രൊജക്റ്റ് നു വേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. ഈ പദ്ധതിയിലേക്കുള്ള ന്യൂക്കട്ട് പാലം വീതി കുറഞ്ഞതിനാൽ വീതി കൂടിയ പാലം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. ഈ പാലത്തിന്റെ പ്രവർത്തിയും വൈകാതെ ആരംഭിക്കും.