പരപ്പനങ്ങാടി : രണ്ടു പതിറ്റാണ്ട് രാജ്യത്തെ സേവിച്ച ശേഷം സ്വയം വിരമിക്കലിന് ഒരുങ്ങുന്നതിനിടെയാണ് ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിനെ മരണം തട്ടിയെടുത്തത്. പതിനൊന്നാം വയസ്സിൽ പിതാവ് മരിച്ചതിനാൽ അനാഥാലയത്തിലാണ് സൈജൽ വളർന്നത്. തിരൂരങ്ങാടി യത്തീംഖാനയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരൂരങ്ങാടി ഓറിയന്റൽ ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പാസായി. പിഎസ്എംഒ കോളജിൽനിന്ന് പ്രീഡിഗ്രി പാസായി. കുറച്ചുകാലം അധ്യാപകനായി ജോലി ചെയ്തു. പിന്നീടാണ് സൈന്യത്തിൽ ചേർന്നത്. അനുജനെയും അനുജത്തിയെയും പഠിപ്പിച്ചതും കുടുംബം നോക്കിയതും പിന്നീട് സൈജലായിരുന്നു.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സ്വയം വിരമിക്കലിന് ഒരുങ്ങുകയായിരുന്നു സൈജലെന്ന് ബന്ധുക്കൾ പറഞ്ഞു. മറാഠ ലൈറ്റ് ഇൻഫൻട്രി ഇരുപത്തിരണ്ടാം ബറ്റാലിയനിലായിരുന്നു സൈജൽ. ഗുജറാത്തിലെ ഗാന്ധിനഗർ ക്യാംപിൽനിന്ന് ലേയിലേക്കു മാറ്റംകിട്ടിയതിനെ തുടർന്ന് അവിടേക്ക് പുറപ്പെട്ടപ്പോഴാണ് അപകടം. നേരത്തേ പൂഞ്ചിലെ നിയന്ത്രണരേഖയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓപ്പറേഷൻ ‘രക്ഷകി’ലും പങ്കെടുത്തു. രണ്ടിലും മികച്ച സേവനം നടത്തിയതിന് പ്രശംസാപത്രം ലഭിച്ചിട്ടുണ്ട്.
നിയന്ത്രണരേഖയിൽ സേവനം അനുഷ്ഠിച്ചതിനും ഓപ്പറേഷൻ രക്ഷകിൽ പങ്കെടുത്തതിനും ലാൻസ് ഹവിൽദാർ മുഹമ്മദ് സൈജലിനു ലഭിച്ച പ്രശസ്തി പത്രങ്ങൾ.
റിപ്പബ്ലിക് ദിന പരേഡിൽ മറാഠാ ലൈറ്റ് ഇൻഫൻട്രിക്കു വേണ്ടി സൈജൽ ഉൾപ്പെട്ട ബാൻഡ് സംഘത്തിന് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. അന്നത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേരിട്ടുള്ള അഭിനന്ദനവും നേടിയിട്ടുണ്ട്. അവധിയെടുത്ത് നാട്ടിലെത്തിയാൽ ജനസേവനത്തിനു മുൻപന്തിയിലുണ്ടായിരുന്ന സൈജൽ നാട്ടുകാരുടെ ഹീറോ കൂടിയാണ്. ‘. മികച്ച ഫുട്ബോൾ താരം കൂടിയായിരുന്നു സൈജൽ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
തിരൂരങ്ങാടി യതീംഖാന യുടെ സ്വന്തം പട്ടാളക്കാരനായിരുന്നു സൈജൽ. സൈജലിന്റെ ഉമ്മയും സഹോദരനും പിതൃ സഹോദരനും യതീം ഖാന അന്തേവാസികളായിരുന്നു. അവധിക്ക് വന്നാൽ യതീം ഖനയിലെത്തും. കുട്ടികൾക്ക് പരിശീലനവും നൽകിയിരുന്നു. ഇളംപ്രായത്തിൽ തന്നെ പിതാവ് മരിച്ചതിനാൽ മൂത്ത മകനായ സൈജലായിരുന്നു കുടുംബത്തിന്റെ ഉത്തരവാദിത്വം. അത് കൊണ്ട് കഠിന പരിശ്രമത്തിലൂടെ ഇരുപതാം വയസ്സിൽ തന്നെ പട്ടാളത്തിൽ ജോലി നേടാൻ സാധിച്ചു.
മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും
അപകടത്തിൽ മരിച്ച സൈനികൻ മുഹമ്മദ് സൈജലിന്റെ മൃതദേഹം ഇന്ന് രാവിലെ പത്തോടെ ഡൽഹിയിൽ എത്തിക്കുമെന്നാണ് ബന്ധുക്കൾക്കു ലഭിച്ച വിവരം. തുടർന്ന് ഉച്ചയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിക്കും. തിരൂരങ്ങാടി യത്തീംഖാനയിലും പരപ്പനങ്ങാടി എസ്എൻഎം എച്ച്എസ്എസിലും പൊതുദർശനത്തിനു വച്ചശേഷം അങ്ങാടി മുഹ്‌യിദ്ദീൻ പള്ളിയിൽ കബറടക്കാനാണ് തീരുമാനം.