കാലിക്കറ്റിലെ കോളേജുകളില്‍ 20 ശതമാനം സീറ്റ് വര്‍ധനക്ക് സിന്‍ഡിക്കേറ്റ് തീരുമാനം

അധ്യാപകനെ പിരിച്ചു വിടും

തേഞ്ഞിപ്പലം: ഈ വര്‍ഷം ബിരുദ-പി.ജി. സീറ്റുകളില്‍ 20 ശതമാനം വരെ ആനുപാതിക വര്‍ധനക്ക് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് തീരുമാനം. അടിസ്ഥാന സൗകര്യങ്ങളുള്ള കോളേജുകളില്‍ പരമാവധി സീറ്റുകളില്‍ പ്രവേശനം അനുവദിക്കും.

പാഠ്യപദ്ധതി പരിഷ്‌കരണത്തിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതി രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു. പരിഷ്‌കരണത്തിനായി ഈ മാസം തന്നെ ശില്പശാലകള്‍ തുടങ്ങും.

സര്‍വകലാശാലയുടെ ഡാറ്റാ സെന്ററില്‍ ഇടയ്ക്കിടെ അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ സുരക്ഷാ സംവിധാനങ്ങളോടെ പുതിയ കേന്ദ്രം നിര്‍മിക്കുന്നതിന് എന്‍ജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തി.

വിദേശ പൗരത്വം മറച്ചുവെച്ച് സര്‍വകലാശാലാ പഠനവകുപ്പില്‍ അസി. പ്രൊഫസറായി തുടരുന്ന ഡോ. ജി. രാധാകൃഷ്ണപിള്ളയെ പിരിച്ചു വിടും.

ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രം കാര്യക്ഷമമാക്കുന്നതിനായി ജില്ലാതല പരിശോധനാ സമിതി നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിച്ചു. ഇവിടെ മുഴുവന്‍ സമയ അഡീഷണല്‍ ഡയറക്ടറായി പി.വി. വത്സരാജിനെ നിയമിക്കും.

വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8

വിദേശത്ത് സര്‍വകലാശാലയുടെ വിദൂരവിഭാഗം കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനായി നാലംഗ സമിതിയെ നിയോഗിച്ചു. നാക് എ ഗ്രേഡുള്ള സര്‍വകലാശാലകള്‍ക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ തുടങ്ങാമെന്ന യു.ജി.സി. നിബന്ധനയുടെ പശ്ചാത്തലത്തിലാണ് നടപടി. കെ.കെ. ഹനീഫ, അഡ്വ. ടോം കെ. തോമസ്, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ് എന്നിവരാണ് സമിതി അംഗങ്ങൾ.

സര്‍വകലാശാലാ കാമ്പസിലെ വനിതാ ഹോസ്റ്റലിന് പുതിയ നില പണിയുന്നതിന് ഒന്നരക്കോടി രൂപ അനുവദിച്ചു.

ദേശീയപാതയില്‍ നിന്ന് സര്‍വകലാശാലാ ഭരണകാര്യാലയത്തിലേക്ക് വീതിയേറിയ പുതിയ പാത നിര്‍മിച്ചു നല്‍കാമെന്ന ആറുവരിപ്പാത നിര്‍മാണ കമ്പനിയുടെ ശുപാര്‍ശ അംഗീകരിച്ചു. കാമ്പസിലേക്ക് പ്രവേശിക്കാന്‍ അധികമായി ഒരു മേല്‍പ്പാതയും നിര്‍മിക്കുന്നുണ്ട്. പാതനിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കുന്നതിന് സര്‍വകലാശാലാ ഭൂമി ഉപയോഗിക്കുന്നതിന് പകരമായാണിത്. യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി.

error: Content is protected !!