ഡോർ പൊളിച്ചു അകത്തുകടന്നപ്പോൾ ഒന്നുമില്ല: ‘എന്തിനാടാ ഗ്ലാസ് പൂട്ടിയിട്ടതെന്ന്’ മോഷ്ടാവ്

കഷ്ടപ്പെട്ട് ഗ്ലാസ് ഡോർ പൊട്ടിച്ച് അകത്തുകടന്നപ്പോൾ അഞ്ചിന്റെ പൈസയില്ല, പിന്നെ മോഷ്ടാവിന് ദേഷ്യം പിടിക്കാതിരിക്കുമോ ? മണിക്കൂറുകൾ വെറുതെ കഷ്ടപ്പെട്ടതിന്റെ സങ്കടവും ദേഷ്യവും വന്ന അവൻ പൊട്ടിച്ച ഗ്ലാസ്സിൽ എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

സംഭവം ഇങ്ങനെ:

കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന്‍ കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളന്‍ അകത്തുക്കയറിയത്. ഒരു കടയില്‍ നിന്ന് കള്ളന് പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയില്‍ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ, മൂന്നാമത്തെ കടയില്‍ നിന്ന് കള്ളന് പണം കിട്ടിയില്ല. ഈ കടയില്‍ നിന്ന് കള്ളന്‍ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രം.

ചില്ലുക്കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളന്‍ അകത്തുക്കയറിത്. പക്ഷേ, കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളന്‍ ഒരു ജോഡി ഡ്രസ് മാത്രമെടുത്തു. വേറെ ഒന്നും എടുത്തതുമില്ല. പോവാന്‍ നേരം, കള്ളന്‍ അവിടെ കിടക്കുന്ന ചില്ലു കഷണത്തില്‍ പേനക്കൊണ്ടെഴുതി. ‘‘പൈസ ഇല്ലെങ്കില്‍ എന്തിനാടാ….ഗ്ലാസ് പൂട്ടിയിട്ടിത്. വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’’.

കള്ളന്‍ നിരാശ കാരണം എഴുതിയതാകാമെന്ന് പൊലീസ് സംശയിക്കുന്നു. കഷ്ടപ്പെട്ട് ചില്ല് പൊട്ടിച്ച് അകത്തു കടന്നപ്പോള്‍ നയാപൈസ കിട്ടാത്തതിന്റെ അരിശമാകാം. ചില്ല് തകര്‍ക്കേണ്ടി വന്നതിന്റെ വിഷമവും ഉണ്ട് കള്ളന്റെ എഴുത്തില്‍. ചില കള്ളന്‍മാര്‍ ഒരിടത്ത് മോഷ്ടിക്കാന്‍ കയറിയാല്‍ ഒന്നും കിട്ടിയില്ലെങ്കിലും പേരിന് എന്തെങ്കിലും എടുക്കുന്ന പതിവണ്ടുത്രെ. കുന്നംകളത്തെ ഈ കടയില്‍ കയറിയ കള്ളന്‍ ഇതുപോലെ എടുത്തതാകട്ടെ ഒരു ജോഡി ഡ്രസ് മാത്രമാണ്.

കടയുടമയോടുള്ള ഉപദേശം കൂടിയാണിത്. പണം സൂക്ഷിച്ചില്ലെങ്കില്‍ കട പൂട്ടേണ്ടതില്ലെന്ന ഉപദേശം. എന്തായാലും കടയുടമ ബുദ്ധികാട്ടി. കടയില്‍ രാത്രികാലങ്ങളില്‍ പണം സൂക്ഷിക്കാറില്ല. കള്ളന്റെ കയ്യക്ഷരം ചിത്രമെടുത്ത് പൊലീസ് സൂക്ഷിച്ചിട്ടുണ്ട്. പിടിയിലായാല്‍ കയ്യക്ഷരം പരിശോധിക്കാന്‍ കൂടിയാണിത്. സമാനമായി മോഷണ സ്ഥലത്ത് എന്തെങ്കിലും എഴുതിവയ്ക്കുന്ന ശീലമുള്ള കള്ളന്‍മാരുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്. സിസിടിവി കാമറകളുടെ സഹായത്തോടെയും കള്ളനെ പിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

error: Content is protected !!