വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ

വേങ്ങര : വേങ്ങരയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ. മലപ്പുറം പരപ്പനങ്ങാടി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയ്യേറ്റങ്ങളും നിര്‍മ്മിതികളും പൊളിച്ചുമാറ്റമന്ന പ്രവര്‍ത്തി ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോഴാണ് സ്‌റ്റേ നല്‍കിയിരിക്കുന്നത്. വ്യാപാരികളുടെ പ്രതിഷേധ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയും കോടതി താല്‍ക്കാലികമായി പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ കേരള ഹൈകോടതി വിധിയെ മാനിച്ച് പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ ഭാഗം പരപ്പനങ്ങാടി കാര്യാലയം നടപടികള്‍ താത്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ടെന്ന് വേങ്ങര പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസല്‍ അറിയിച്ചു.

ക്ലീന്‍ വേങ്ങര പദ്ധതിയുടെ ഭാഗമായി മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയില്‍ കൂരിയാട് മുതല്‍ ഗാന്ധിദാസ് പടിവരെയുള്ള റോഡും ഫുട്പാത്തുകളും കയ്യേറി നിര്‍മ്മിച്ച അനധികൃത നിര്‍മ്മാണം, പാര്‍ക്കിംഗ് എന്നിങ്ങനെയുള്ള അനധികൃത റോഡ് കയ്യേറ്റങ്ങള്‍ക്കെതിരെ പൊതുമരാമത്ത് വകുപ്പും ടൗണിലെ തെരുവ് കച്ചവടങ്ങള്‍ക്കെതിരെ പഞ്ചായത്തും നടപടി എടുത്തു വരികയായിരുന്നു. ഇതിന്റെ ഭാഗമായി പല കച്ചവടങ്ങളും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടു ദിവസമായി ടൗണിലെ കടകള്‍ക്കു മുന്നിലുള്ള കോണ്‍ക്രീറ്റുകള്‍ പൊളിച്ചു നീക്കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് വേങ്ങര ഗ്രാമപഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വകുപ്പും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ടുപോയത്.

അതേസമയം റോഡിന് ഇരുവശത്തും മണ്ണ് ,കേണ്‍ഗ്രീറ്റ് മെറ്റീരിയല്‍ എന്നിവ കൂടികിടക്കുന്നുണ്ടെന്നും ഗതാഗതങ്ങളും കാല്‍നടയാത്രക്കാരും ശ്രദ്ധയോടെ യാത്ര ചെയ്യേണ്ടതാണെന്ന് പി ഡബ്ല്യു ഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

error: Content is protected !!