പ്രവാചക നിന്ദയിൽ പ്രതിഷേധം കത്തിനിൽക്കെ ജുമുഅ പ്രഭാഷണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ കണ്ണൂർ മയ്യിൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർക്കെതിരെ നടപടി. പോലീസ് നടപടി സംസ്ഥാനത്ത് വിവാദമായതോടെയാണ് മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ. ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറ്റി. സർക്കാർ നയത്തിന് വിരുദ്ധമായ നടപടി ആണെന്നും എൽ ഡി എഫ് സർക്കാരിന്റെ നയത്തിന് വിരുദ്ധവുമാണ്. ഡി ജി പി ഇദ്ദേഹത്തെ ചുമതലകളിൽ നിന്ന് മാറ്റി, പകരം നിയമനം നൽകിയിട്ടില്ല.
ഇതേ കുറിച്ചു മുഖ്യമന്ത്രി യുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്:
കണ്ണൂർ ജില്ലയിലെ മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ് എച്ച് ഒ നൽകിയ ഒരു നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടു. അങ്ങനെ ഒരു നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണ്. മയ്യിൽ എസ് എച്ച് ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ നിന്ന് ഡി ജി പി മാറ്റിയിട്ടുണ്ട്.
രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നു.
നോട്ടീസ് നൽകിയ പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ പള്ളികളില്‍ ജുമുഅക്ക് ശേഷം നടത്തുന്ന പ്രഭാഷണങ്ങള്‍ സാമുദായിക സൗഹാർദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ രീതിയില്‍ നടത്തിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് മഹല്ല് ഭാരവാഹികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നത്. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസറാണ് നോട്ടീസിൽ ഒപ്പുവെച്ചിട്ടുള്ളത്.
ജില്ലയിൽ മറ്റെവിടെയും ഇതുവരെ ഇത്തരം പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തരമൊരു നിർദേശം പൊലീസിന് നൽകിയിട്ടില്ലെന്നാണ് ജില്ല പൊലീസ് അധികാരികൾ ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി. മതപരമായി, വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് പള്ളികളിലെ പ്രഭാഷണങ്ങളില്‍ ഉൾപ്പെടുത്താറുള്ളത്.
മതസൗഹാർദം തകര്‍ക്കുന്ന പ്രഭാഷണങ്ങള്‍ കേരളത്തിലെ ഒരു പള്ളിയിലും നടത്തിയതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പള്ളികളിലെ പ്രഭാഷണങ്ങള്‍ മാത്രം നിയന്ത്രിക്കാനുള്ള പൊലീസിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു.