വഖഫ് ഭേദഗതി നിയമം ; 58 ഏക്കര്‍ ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു : കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍

ഉത്തര്‍പ്രദേശ്: വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകള്‍ കോടതിയില്‍ നിലനില്‍ക്കെ 58 ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ ഭൂമിയായി രജിസ്റ്റര്‍ ചെയ്തു. ഉത്തര്‍ പ്രദേശിലെ കൗശാമ്പി ജില്ലയില്‍ ആണ് വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ ഭൂമിയാക്കിയത്. വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് മദ്രസകളും ശ്മശാനങ്ങളും ഉള്‍ക്കൊള്ളുന്ന ഭൂമി ഗ്രാമ സമാജിന്റെ പേരിലായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ജില്ലയിലെ ആകെ 98.95 ഹെക്ടര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ ഏകദേശം 58 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിച്ച് സര്‍ക്കാര്‍ ഭൂമി ആയിട്ടാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ പരിശോധനയ്ക്കായി ജില്ലയിലെ മൂന്ന് തഹസില്‍ മേഖലകളിലും അന്വേഷണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വഖഫ് ഭൂമി തിരിച്ചുപിടിച്ച് സര്‍ക്കാര്‍ സ്വത്തായി രജിസ്റ്റര്‍ ചെയ്യുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വഖഫ് സ്വത്തുക്കളുടെ മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിനും ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി പുതിയ വ്യവസ്ഥകളുള്ള വഖഫ് ഭേദഗതി നിയമം കേന്ദ്രം പാസാക്കിയതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി. കഴിഞ്ഞ ദിവസത്തെ വാദത്തിനിടെ വിവാദമായ വഖഫ് ഭേദഗതി നിയമത്തിലെ ചില പ്രധാന വ്യവസ്ഥകളില്‍ ഇടക്കാല ഉത്തരവുണ്ടാകുമെന്ന സൂചന സുപ്രീം കോടതി നല്‍കിയിരുന്നു.

കോടതികള്‍ മുമ്പ് വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കള്‍ സര്‍ക്കാരിനെ ഡീ-നോട്ടിഫൈ ചെയ്യാന്‍ അനുവദിക്കുന്ന വ്യവസ്ഥയിലും കേന്ദ്ര വഖഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തുമെന്ന വ്യവസ്ഥയിലും ഇടക്കാല ഉത്തരവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

error: Content is protected !!