
കൊച്ചി : പൊലീസ് എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് ഓടിയതില്‍ വിശദീകരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. തന്നെ ആരോ അക്രമിക്കാന്‍ വന്നതാണെന്ന് ഭയന്നു. പൊലീസാണെന്ന് അറിയില്ലായിരുന്നു. വന്നത് ഗുണ്ടകളാണെന്ന് കരുതി പേടിച്ചാണ് ഓടിയതെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കി. ന്നത് ഡാന്‍സഫ് ആണെന്ന് അറിയില്ലായിരുന്നു. സിനിമാ മേഖലയില്‍ ശത്രുക്കളുണ്ട്. അവരെ താന്‍ പേടിക്കുന്നു. അവര്‍ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈന്‍ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തന്റെ വളര്‍ച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം.
അതേസമയം, ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പരിശോധിക്കുയാണ് പൊലീസ്. വാട്‌സ്ആപ്പ് ചാറ്റുകളും കോളുകളമാണ് പൊലീസ് പരിശോധിക്കുന്നത്. ഗൂഗിള്‍ പേ ഇടപാടുകളും നടത്തിയ ഗൂഗിള്‍ പേ ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഷൈന്‍ സ്ഥിരം ഉപയോഗിച്ചിരുന്ന ഫോണ്‍ ഇത് തന്നെ ആണോ എന്നാ സംശയത്തിലാണ് പൊലീസ്. സ്ഥിരം ഇടപാടുകള്‍ക്ക് മറ്റ് ഫോണ്‍ ഉണ്ടോ എന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥിരമായി മൂന്ന് ഫോണുകളാണ് ഉപയോഗിക്കുന്നതെന്ന് ഷൈന്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഒരു ഫോണ്‍ മാത്രമായിട്ടാണ് ഷൈന്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. എല്ലാ ഫോണുകളും കൊണ്ടുവരാത്തത് എന്താണെന്ന ചോദ്യത്തിന് മറന്നുപോയെന്നുമാണ് മറുപടി.
അതേസമയം ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ട് ഒരു മണിക്കൂര്‍ പിന്നിട്ടെങ്കിലും പൂര്‍ണമായും സഹകരിക്കാതെ നടന്‍ ഷൈന്‍ ടോം ചാക്കോ. പൊലീസ് ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും ഒറ്റ വാക്കിലാണ് ഷൈന്‍ മറുപടി നല്‍കുന്നത്. മൂന്ന് എസിപിമാരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ലഹരി ഇടപാടുകള്‍ ഉണ്ടോ എന്നറിയാനായി ഷൈനിന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍, കോളുകള്‍, ഗൂഗിള്‍ പേ ഇടപാടുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്.
ഹോട്ടലില്‍ ലഹരി പരിശോധന നടന്ന രാത്രിയില്‍ ഉണ്ടായ സംഭവങ്ങള്‍ ഇഴകീറി ചോദ്യം ചെയ്യുകയാണ് പൊലീസ്. ലഹരി റെയ്ഡിനിടെ എന്തിന് മുങ്ങി. ഈ ചോദ്യത്തിന്റെ ഉത്തരമറിയാനാണ് ഷൈന്‍ ടോം ചാക്കോയെ പൊലീസ് വിളിപ്പിച്ചത്. ഷൈന്‍ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോള്‍ ലോഗുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. സമീപകാലത്ത് ഷൈന്‍ നഗരത്തില്‍ താമസിച്ച 6 ഹോട്ടലുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ താമസിച്ചിരുന്ന ദിവസങ്ങളില്‍ ഷൈനിനെ സന്ദര്‍ശിച്ചവരുടെ പട്ടികയും പൊലീസ് തയാറാക്കിയിട്ടുണ്ട്. അടുത്തിടെ ഷൈന്‍ കേരളത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്‌സൈസിന് കിട്ടിയ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പൊലീസ് പറഞ്ഞതിലും അരമണിക്കൂര്‍ നേരത്തെയാണ് ഷൈന്‍ ചോദ്യം ചെയ്യലിന് എത്തിയത്. രാവിലെ 10.30 ന് ഹാജരാകാനായിരുന്നു ഷൈനിന് പൊലീസ് നോട്ടീസ് നല്‍കിയത്. യാത്രയില്‍ ആയതിനാല്‍ വൈകിട്ട് 3.30 ന് ഷൈന്‍ ഹാജരാവുമെന്നായിരുന്നു പിതാവ് ഇന്നലെ അറിയിച്ചതെങ്കിലും 10. 30 ന് തന്നെ എത്തുമെന്ന് പൊലീസിനെ പിന്നീട് അറിയിക്കുകയായിരുന്നു. പിതാവിനും അഭിഭാഷകനുമൊപ്പമാണ് ഷൈന്‍ ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ എത്തിയത്.