അംഗനവാടിയില്‍ നിന്ന് അമ്മക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു ; മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരിക്ക്, സ്‌കൂട്ടര്‍ യാത്രികന്റെ നില ഗുരുതരം

തിരുവനന്തപുരം: അംഗനവാടിയില്‍ നിന്ന് അമ്മക്കൊപ്പം വീട്ടിലേക്ക് വരുന്നതിനിടെ അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിച്ച് മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇന്നലെ വൈകിട്ടായിരുന്നു അപകടം. തച്ചോട്ടുകാവ് മഞ്ചാടി ചൈത്രം വീട്ടില്‍ സിബില്‍ – ആന്‍സി ദമ്പതികളുടെ ഏകമകള്‍ ഇസാ മരിയ സിബിന്‍ ആണ് മരിച്ചത്.

വീടിന് സമീപമുള്ള അംഗനവാടിയില്‍ നിന്ന് അമ്മ ആന്‍സിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം. അമ്മുമ്മ സുധ, അമ്മാവന്‍ രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ നിന്നിരുന്ന സ്ഥലത്തേക്ക് അമിതവേഗതയിലെത്തിയ സ്‌കൂട്ടര്‍ പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനടക്കം എല്ലാവരും റോഡിലേക്ക് തെറിച്ചുവീണു. സ്‌കൂട്ടര്‍ വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. കുഞ്ഞിനെ ഉടന്‍ കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ എല്ലാവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന കാപ്പിവിള സ്വദേശി വിനോദിന്റെ നില ഗുരുതരമാണ്.

error: Content is protected !!