പ്രമുഖ ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനും അധ്യാപകനുമായിരുന്ന ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. ഇന്നു രാവിലെ 9.52 നു മലാപ്പറമ്പിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പൊതു ദര്‍ശനമില്ല. സംസ്‌കാരം 4 മണിയ്ക് മാവൂര്‍ റോഡ് സ്മൃതി പഥം ശ്മശാനത്തില്‍. വീട്ടില്‍ അന്തിമോപചാരമര്‍പ്പിയ്ക്കാം

ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴി വെട്ടിത്തുറക്കുകയും പ്രാചീന കേരളചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്ത ധിഷണാശാലിയായിരുന്നു എംജിഎസ്. ഇന്ത്യന്‍ അക്കാദമിക ചരിത്രമേഖലയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന എം.ജി.എസ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു. ചരിത്രത്തെയും രാഷ്ട്രീയത്തെയും സമൂഹത്തെയും സംബന്ധിച്ച തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ മടി കാട്ടാതിരുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ടു.

പരപ്പനങ്ങാടി മുറ്റായിൽ നാരായണി അമ്മയുടെയും ഡോ. പി.കെ ഗോവിന്ദമേനോന്റയും മകനായി 1932 ഓഗസ്റ്റ് ഇരുപതിനാണ് എം.ജി.എസ്. ജനിച്ചത്. ഡോക്ടറായിരുന്നു പിതാവ് ഗോവിന്ദമേനോന്‍. പരപ്പനങ്ങാടി ബിഇഎം സ്‌കൂള്‍, പൊന്നാനി എവി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ പഠനം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ ഇന്റര്‍മീഡിയറ്റ് പഠനത്തിനു ശേഷം ഫാറൂഖ് കോളജില്‍ ബിഎ ഇക്കണോമിക്‌സ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും സുഹൃത്തുക്കളുടെ നിര്‍ബന്ധം കൊണ്ട് തൃശൂര്‍ കേരളവര്‍മ കോളജിലേക്കു മാറി. ബിരുദം നേടിയ ശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ എംഎ ഇംഗ്ലിഷ് പഠിക്കാന്‍ പോയി. പക്ഷേ പ്രവേശനം കിട്ടിയത് ഹിസ്റ്ററിക്കാണ്. അങ്ങനെയാണ് ചരിത്രപഠനത്തിന്റെ വഴിയിലേക്ക് എംജിഎസ് തിരിഞ്ഞത്. കേരള സര്‍വകലാശാലയില്‍നിന്നു ചരിത്രത്തില്‍ പിഎച്ച്ഡി നേടി. ഗുരുവായൂരപ്പന്‍ കോളജ്, കേരള സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര വിഭാഗം തലവനായിരിക്കെ വിരമിച്ചു. 200 ലേറെ പുസ്തകങ്ങളും പ്രബന്ധങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ: പ്രേമലത. മക്കള്‍: വിജയകുമാര്‍ (വ്യോമസേനാ ഉദ്യോഗസ്ഥന്‍), വിനയ (നര്‍ത്തകിയും മോഹിനിയാട്ടം ഗവേഷകയും).

ഹൈസ്‌കൂള്‍ പഠനകാലത്തു കവിതയെഴുത്തും ചിത്രംവരയുമുണ്ടായിരുന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ചിത്രംവര കണ്ടാണ് താന്‍ വരയ്ക്കുന്നതു നിര്‍ത്തിയതെന്ന് എംജിഎസ് പില്‍ക്കാലത്തു പറഞ്ഞിട്ടുണ്ട്. കവിതയ്ക്ക് ധാരാളം സമ്മാനം കിട്ടിയിരുന്നു. ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള ‘പൊന്നാനിക്കളരി’യില്‍ എംജിഎസ് അംഗമായി. ഉറൂബ്, കടവനാട് കുട്ടിക്കൃഷ്ണന്‍, അക്കിത്തം തുടങ്ങിയവരുടെ ശിക്ഷണത്തില്‍ എഴുതിത്തെളിഞ്ഞു. എം.ഗോവിന്ദന്‍ പത്രാധിപരായ മദ്രാസ് പത്രിക എന്ന മാസികയിലാണ് ആദ്യം കവിത അച്ചടിച്ചുവന്നത്. എസ്എം മുറ്റായില്‍, എസ്എം നെടുവ എന്നീ പേരുകളില്‍ കവിതകള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. ഗുരുവായൂരപ്പന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് എന്‍.വി.കൃഷ്ണവാര്യര്‍, എന്‍.എന്‍.കക്കാട്, ഉറൂബ്, തിക്കോടിയന്‍, കെ.എ. കൊടുങ്ങല്ലൂര്‍ തുടങ്ങിയവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.

മലയാളം, ഇംഗ്ലിഷ്, തമിഴ്, സംസ്‌കൃതം ഭാഷകളിലും ബ്രാഹ്‌മി, വട്ടെഴുത്ത്, ഗ്രന്ഥ ലിപികളിലും അവഗാഹമുള്ള എംജിഎസ് ശിലാരേഖപഠനത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡിസില്‍ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, യൂണിവേഴ്‌സിറ്റി ഓഫ് മോസ്‌കോ, ലെനിന്‍ഗ്രാഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് എന്നിവടങ്ങളില്‍ വിസിറ്റിങ് ഫെലോ, ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് ഫോറിന്‍ സ്റ്റിഡിസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാംഗ്വജ്‌സ് ആന്‍ഡ് കള്‍ച്ചേഴ്‌സില്‍ പ്രഫസര്‍ എമരിറ്റസ്, മഹാത്മാഗാന്ധി സര്‍വകലാശാല, മാംഗ്ലൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിസിറ്റിങ് പ്രഫസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജേണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യു തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതിയംഗമായിരുന്നു. സൗത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, എപ്പിഗ്രാഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, പ്ലേസ് നെയിം സൊസൈറ്റി ഓഫ് ഇന്ത്യ, റോക്ക് ആര്‍ട്ട് സൊസൈറ്റി ഓഫ് ഇന്ത്യ, ന്യൂമിസ്മാറ്റിക് സൊസൈറ്റി ഓഫ് സൗത്ത് ഇന്ത്യ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചു.

ഇന്ത്യാചരിത്രപരിചയം, സാഹിത്യാപരാധങ്ങള്‍, കേരളചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, വഞ്ഞേരി ഗ്രന്ഥവരി, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, കേരളത്തിന്റെ സമകാലിക വ്യഥകള്‍, ചരിത്രകാരന്റെ കേരളദര്‍ശനം, കോഴിക്കോട് ചരിത്രത്തില്‍നിന്ന് ചില ഏടുകള്‍ തുടങ്ങിയ പുസ്തകങ്ങളും പെരുമാള്‍സ് ഓഫ് കേരള, മലബാര്‍ തുടങ്ങിയ വേഷണപ്രബന്ധങ്ങളുമാണ് പ്രധാന രചനകള്‍.

error: Content is protected !!