മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് നായകള്‍ക്ക് താവളം ഒരുക്കി ; പെരുവള്ളൂരില്‍ കുട്ടികളുടെ പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് ആരോഗ്യ വകുപ്പ്

പെരുവള്ളൂര്‍ : മാലിന്യം സംസ്‌കരിക്കാതെ കൂട്ടിയിട്ട് തെരുവ് നായകള്‍ക്ക് താവളം ഒരുക്കിയതിന് കൊച്ചുകുട്ടികളുടെ പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ ആരോഗ്യവകുപ്പ്‌കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തു. കരുവാന്‍തടം സ്വദേശികളായ നസീമുദ്ദീന്‍ കെ, സൈതലവി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ 24ന് ഗൃഹപ്രവേശ ചടങ്ങില്‍ അവശേഷിച്ച മാലിന്യങ്ങളും ഭക്ഷണങ്ങളും ആണ് തെരുവ് പട്ടികള്‍ക്ക് ഈ പ്രദേശത്ത് വിഹാരകേന്ദ്രമാകാന്‍ കാരണമായത്.

വീടിനടുത്ത് പറമ്പില്‍ കളിച്ചുകൊണ്ടിരിക്കവേ 10 വയസ്സ് പ്രായമുള്ള 7 ഓളം കുട്ടികളെ പെരുവള്ളൂര്‍ പറമ്പില്‍പീടിക കരുവാന്‍തടം ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പിലെ തെരുവ് നായകള്‍ ആക്രമിക്കാന്‍ വരികയായിരുന്നു. ആത്മരക്ഷാര്‍ത്ഥം ഓടി വീട്ടില്‍ കയറിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടിയെന്നും പട്ടികളില്‍ നിന്നും തങ്ങളെ രക്ഷിക്കണമെന്ന പരാതിയിന്മേല്‍ പെരുവള്ളൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ: മുഹമ്മദ് റാസിയുടെ നിര്‍ദ്ദേശപ്രകാരം പെരുവള്ളൂര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൈജു ഇഗ്‌നേഷ്യസിന്റെ നേതൃത്വത്തിലുള്ള ആര്‍ ആര്‍ ടി സംഘം സ്ഥലത്ത് എത്തുകയായിരുന്നു.

പരിശോധനയില്‍ ആക്രമണോത്സുകരായ നായകള്‍ തൊട്ടടുത്ത പറമ്പില്‍ സൈ്വര്യ വിഹാരം നടത്തുന്നതായും ഇവക്ക് ഭക്ഷണവും താവളവും ഒരുക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിക്ഷേപിച്ചതായും കണ്ടെത്തിയതിനാണ് കുറ്റക്കാര്‍ക്കെതിരെ കേരള പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തത്.

നായകള്‍ക്കും മറ്റ് ആക്രമിക്കുന്ന മൃഗങ്ങള്‍ക്കും ഭക്ഷണമോ താവളമോ ഒരുക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവും ആണ്. 5000 രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റം ആവര്‍ത്തിക്കുന്ന പക്ഷം ബിഎന്‍ എന്‍എസ് പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് താക്കീത് നല്‍കി.

പൊതുജനങ്ങള്‍ പട്ടികള്‍ക്കും കുറുനരികള്‍ക്കും താവളം ആകുന്ന തരത്തില്‍ പറമ്പുകള്‍ കാടു മൂടി കിടക്കുന്ന അവസ്ഥയില്‍ ഇടുന്നതും ഇവയ്ക്ക് ഭക്ഷണം നല്‍കുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും അങ്ങാടികളിലോ അറിവ് ശാലകളിലോ അറവു മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പട്ടികള്‍ക്ക് താവളം ഒരുക്കുന്നതും പറമ്പുകളില്‍ മനുഷ്യന് അപകടം ഉണ്ടാവുന്ന തരത്തില്‍ പൊട്ടക്കിണറുകളോ കുഴികളോ നിലനിര്‍ത്തുന്നതും കുറ്റകരമാണെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുന്നറിയിപ്പു നല്‍കി. നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു. പരിശോധനാ സംഘത്തില്‍ മുരളി, അര്‍ഷദലി, മുസ്തഫ, കാരാടന്‍ അമീര്‍ എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!