ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ

കണ്ണൂര്‍ : ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനവും കണ്ണൂര്‍ ഹജ്ജ് ഹൗസിന്റെ ശിലാസ്ഥാപനവും വെളളിയാഴ്ച വൈകുന്നേരം 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ പുതിയ കാര്‍ഗോ കോംപ്ലക്‌സിലാണ് ഹജ്ജ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്.

ചടങ്ങില്‍ വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിക്കും. കെ.കെ ശൈലജ ടീച്ചര്‍ എം.എല്‍എ യാത്ര രേഖകള്‍ കൈമാറും. രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, സ്പീകര്‍ എ.എന്‍ ഷംസീര്‍, എം.പി മാര്‍, എം.എല്‍.എമാര്‍, തുടങ്ങി മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

കണ്ണൂരില്‍ നിന്നും ആദ്യ വിമാനം മെയ് പതിനൊന്നിന് ഞായറാഴ്ച പുലര്‍ച്ചെ നാലിന് 171 തീര്‍ത്ഥാടകരുമായി യാത്ര തിരിക്കും. മെയ് 29 വരെ 29 സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. കരിപ്പൂര്‍ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് നടക്കും. രാത്രി പത്ത് മണിക്ക് ആദ്യ സംഘം എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും

കരിപ്പൂരില്‍ ബുധനാഴ്ച ഹജ്ജ് ക്യാമ്പ് വോളണ്ടിയര്‍മാര്‍ക്കു ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് വോളണ്ടിയര്‍മാരുടെ പ്രത്യേക സംഗമം നടത്തി. വിവിധ സമിതികളില്‍ സേവനം ചെയ്യുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയക്രമം, സേവന ഇടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നിവ വിവരിച്ചു നല്‍കി, ആശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് വോളണ്ടിയര്‍മാരുടെ സേവനം ക്രമീകരിച്ചിട്ടുള്ളത്.

എയര്‍പോര്‍ട്ടില്‍ തീര്‍ത്ഥാടകരുടെ യാത്രാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഹജ്ജ് കമ്മിറ്റി, എയര്‍പോര്‍ട്ട് അതോറിറ്റി, കസ്റ്റംസ്, ഇമിഗ്രേഷന്‍, സി.ഐ.എസ്.എഫ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തുടങ്ങിയ വിവിധ ഏജന്‍സികളുടെ സംയുക്ത യോഗം ഹജ്ജ് ഹൗസില്‍ ചേര്‍ന്നു. എയര്‍പോര്‍ട്ടിലെ വിവിധ ഒരുക്കങ്ങള്‍, സജ്ജീകരണങ്ങള്‍ വിലയിരുത്തി.

ചടങ്ങില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, മെമ്പര്‍മാരായ അഡ്വ.പി മൊയ്തീന്‍ മൊയ്തീന്‍ കുട്ടി, അഷ്‌കര്‍ കോറാട്, അസിറ്റന്റ് സെക്രട്ടറി ജാഫര്‍ കക്കൂത്ത്, ഹജ്ജ് സെല്‍ സ്‌പെഷല്‍ ഓഫീസര്‍ യു.അബ്ദുല്‍ കരീം ഐ.പി.ഐസ് (റിട്ട), സെല്‍ ഓഫീസര്‍ കെ.കെ.മൊയ്തീന്‍ കുട്ടി ഐ.പി.എസ്, വിവിധ ഏജന്‍സികളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍, നോഡല്‍ ഓഫീസര്‍മാര്‍ സംബന്ധിച്ചു.

error: Content is protected !!